നെയ്യാറ്റിൻകര: ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട നെയ്യാറ്റിൻകര വെടിവയ്പ് ചരിത്രം ചുമർ ശില്പങ്ങളായി അത്താഴമംഗലത്ത് വീരരാഘവന്റെ നാട്ടിൽ ഒരുങ്ങുന്നു. അത്താഴമംഗലത്ത് വീരരാഘവൻ സ്മൃതി മണ്ഡപത്തിന് സമീപത്തായാണ് നെയ്യാറ്റിൻകര നഗരസഭ 13.5 ലക്ഷം രൂപ ചെലവിട്ട് പുതിയ ശില്പസ്മാരകം പണിയുന്നത്. നെയ്യാറ്റിൻകര വെടിവയ്പിന്റെ പുനരാവിഷ്കാരമായി മുപ്പതിലേറെ ജീവൻ തുടിക്കുന്ന ശില്പങ്ങൾ കോർത്തിണക്കിയാണ് മന്ദിരം നിർമ്മിക്കുന്നത്. നെയ്യാർ വരമൊഴിയുടെ നേതൃത്വത്തിൽ മുപ്പത്തിയഞ്ചു ദിവസം കൊണ്ടാണ് ഗ്രാനൈറ്റ് ചിപ്സും മണലും ബ്രിക്സും സിമന്റും ഉപയോഗിച്ച് 20 അടി നീളത്തിലും 10 അടി പൊക്കത്തിലുമായി ശില്പം പണിതത്. ഫോട്ടോഗ്രാഫറായ അജയൻ അരുവിപ്പുറം ചിത്രകലാ അദ്ധ്യാപകരായ കെ. മണികണ്ഠൻ, ആമച്ചൽ ശ്രീകുമാർ എന്നിവർ ചേർന്നാണ് ശില്പം രൂപകല്പന ചെയ്തത്. വീരരാഘവാ ഫൗണ്ടേഷൻ സെക്രട്ടറി അത്താഴമംഗലം വിദ്യാധരനാണ് ആവശ്യമായ ചരിത്രസാക്ഷ്യങ്ങളും രേഖകളും നൽകിയത്.
വീരരാഘവാ ഫൗണ്ടേഷൻ പ്രവർത്തകരുടെ നിരന്തര ആവശ്യത്തിനൊടുവിൽ കഴിഞ്ഞ നഗരസഭാ ഭരണ കാലത്ത് അത്താഴമംഗലത്ത് റോഡരികിൽ രാഘവന് 5 ലക്ഷം രൂപ ചെലവിട്ട് ഒരു സ്മാരകം പണിതിരുന്നു. അഞ്ചു വർഷത്തിന് ശേഷമാണ് അതിന് സമീപത്തായി ശില്പമന്ദിരം പണിയുന്നത്.
ചരിത്രമുറങ്ങുന്ന മണ്ണ്
1938 ആഗസ്റ്റ് 31ന് നെയ്യാറ്റിൻകരയിലെ പഴയ ബസ് സ്റ്റാൻഡിന് സമീപം നടത്തിയ വെടിവയ്പിൽ ഏഴുപേരാണ് കൊല്ലപ്പെട്ടത്. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് ബ്രിട്ടീഷ് ഗവൺമെന്റ് നിരോധിച്ചതിനെ തുടർന്ന് സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്റായിരുന്ന നെയ്യാറ്റിൻകര സ്വദേശി എൻ.കെ. പത്മനാഭപിള്ളയെ കിഴക്കെത്തെരുവിലെ വീട്ടിൽനിന്ന് അന്നത്തെ പൊലീസ് സൂപ്രണ്ട് കെ. രാമൻപിള്ള അറസ്റ്റുചെയ്തു കൊണ്ടുപോയതായിരുന്നു സംഭവത്തിന്റെ തുടക്കം. ഇതിൽ പ്രതിഷേധിക്കാനായി നെയ്യാറ്റിൻകരയിൽ ഒത്തുകൂടിയ സ്വാതന്ത്ര്യസമര പ്രവർത്തകർക്കുനേരെ ബ്രിട്ടീഷ് പട്ടാളം വെടിവച്ചു. അത്താഴമംഗലത്തു നിന്നും രാഘവന്റെ നേതൃത്വത്തിലെത്തിയ സംഘത്തിന് പിന്നാലെ മറ്റുള്ള സ്ഥലങ്ങളിൽ നിന്നുമെത്തിയവർ സംഘടിക്കുകയായിരുന്നു. കുതിരപ്പട്ടാള മേധാവിയായ വാട്കീസ് സമരക്കാരോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടു. ക്ഷുഭിതനായ രാഘവന്റെ കല്ലുകൊണ്ടുള്ള ഏറേറ്റ് പട്ടാളക്കാരുടെ കുതിരകൾ ചിതറിയോടി. ഉടൻ തന്നെ വാട്കീസ് രാഘവന്റെ നെഞ്ചിനു നേരെ വെടിവച്ചു. തുടർന്ന് നടന്ന 7 റൗണ്ട് വെടിവയ്പിൽ രാഘവനുൾപ്പെടെ ഏഴുപേർ കൊല്ലപ്പെടുകയായിരുന്നു.
നെയ്യാറ്റിൻകര വെടിവയ്പ് വാർഷികത്തിന് മുൻപ് തന്നെ മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തും.
കെ.കെ. ഷിബു, നഗരസഭാ വൈസ് ചെയർമാൻ
ചെലവ് 13.5 ലക്ഷം രൂപ