general

ബാലരാമപുരം: രണ്ട് വർഷത്തിനിടെ വിവിധ ഇനങ്ങളിലായി ഒരു ഡസനോളം ലോകറെക്കാഡുകൾ നേടിയ കണ്ണമ്മൂല സ്വദേശി ഗിന്നസ് കുമാർ മലയാളികളുടെ അഭിമാനമാകുന്നു. ഒരു മിനിട്ടിൽ 418 പഞ്ചുകൾ ചെയ്ത് ബോക്സിംഗ് പഞ്ചിംഗിൽ ഇൻക്രഡിബിൾ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടം നേടിയതാണ് ഏറ്റവും ഒടുവിലത്തെ നേട്ടം. 2019 ജൂലായ് 6 ന് ഉത്തർപ്രദേശ് ഹാംപൂർ സ്വദേശി വിനോദ് കുമാർ തന്റെ പേരിൽ കുറിച്ച ഒരു മിനിട്ടിലെ 360 പഞ്ചുകളാണ് ഗിന്നസ് കുമാർ മറികടന്നത്. കണ്ണമ്മൂല നികുഞ്ചം ടവേഴ്സിലെ ഫ്ലാറ്റിൽ ഈ മാസം 14 ന് ആയിരുന്നു ബോക്സിംഗ് പഞ്ചിംഗ് അഭ്യാസം നടത്തിയത്. സൈക്കിളിംഗിൽ 7,​ കൈകൾ നേർ ദിശയിലും വിപരീത ദിശയിലും കറക്കിയുള്ള അഭ്യാസപ്രകടനത്തിൽ 1,​ കാലും കൈയും ഒരുമിച്ചുള്ള അഭ്യാസപ്രകടനത്തിൽ 1,​ മാജിക് ഓൺ സൈക്കിൾ സവാരിയിൽ 2,​ ബോക്സിംഗ് പഞ്ചിംഗിൽ 1 എന്നിങ്ങനെ നേടി അപൂർവ ബഹുമതിയുടെ ഉടമയായി മാറിയിരിക്കുകയാണ് ഗിന്നസ്‌ കുമാർ. കെയർ ആൻഡ് ക്യൂയർ പ്രോജക്ട് മാനേജരായ ഇദ്ദേഹം ഫിസിയോ തെറാപ്പിസ്റ്റും കൂടിയാണ്. വീട്ടിൽ ലഭിക്കുന്ന ഇടവേളകളിലെല്ലാം ലോക റെക്കാഡ് നേട്ടങ്ങൾ യുട്യൂബിലൂടെ ശ്രദ്ധയോടെ വീക്ഷിച്ച് വീട്ടിൽ അവ അഭ്യാസം നടത്തുന്നതും ഇദ്ദേഹത്തിന്റെ ഹോബിയാണ്. ഗിന്നസ് കുമാറിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഭാര്യയും രണ്ട് മക്കളും ഇദ്ദേഹത്തിന്റെ മാതാവും ഭാര്യാമാതാവുമെല്ലാം വിവിധയിനങ്ങളിൽ ലോക റെക്കാഡിൽ ഇടം നേടിയവരാണ്. നിരന്തരമായ പരിശീലനവും മനോബലവുമാണ് അവാർഡിനർഹനാക്കിയതെന്ന് ഗിന്നസ് കുമാർ പറഞ്ഞു. ഭാര്യ വിജയലക്ഷ്മി കോസ്മോപൊളിറ്റൻ ആശുപത്രിയിലെ ഡയറ്റീഷ്യനാണ്. കാർത്തിക,​ ദേവിക എന്നിവർ മക്കളാണ്.