isro

തിരുവനന്തപുരം: ഏഴരമീറ്റർ ഉയരവും അതിനൊത്ത വീതിയുമുള്ള കൂറ്റൻ യന്ത്രവും വഹിച്ചുള്ള 44 ചക്ര ലോറിയുടെ ഐതിഹാസിക യാത്ര ഇന്നലെ വട്ടിയൂർക്കാവിലെ ഇനേർഷ്യൽ സിസ്റ്റം യൂണിറ്റിൽ അവസാനിച്ചു. ഉപഗ്രഹങ്ങളിലും പി.എസ്.എൽ.വി റോക്കറ്റിലും മറ്റും കാമറയും ഉപകരണങ്ങളും പിടിപ്പിക്കുന്നതിനുള്ള തീരെ ഭാരമില്ലാത്തതും അതേസമയം വളരെയേറെ താപ പ്രതിരോധ ശേഷിയുമുള്ള കവചങ്ങളും മറ്റും നിർമ്മിക്കുന്നതിനുള്ള ഫൈബർ പ്ളേറ്റുകൾ വികസിപ്പിക്കുന്ന എയ്റോ സ്‌പേസ് ഒാട്ടോക്ളേവ് യന്ത്രത്തിന്റെ ഏറ്റവും പുതിയ പതിപ്പാണിത്. നാസിക്കിലെ സ്ഥാപനത്തിൽ നിന്ന് കഴിഞ്ഞ ഡിസംബറിൽ പുറപ്പെട്ട വാഹനം എട്ടുമാസത്തോളം തുടർച്ചയായി യാത്ര ചെയ്‌താണ് ഇൗ മാസം ആദ്യം തലസ്ഥാനത്തെത്തിയത്. 32 ജീവനക്കാരുടെയും പൊലീസ്, ഫയർഫോഴ്സ് വിഭാഗങ്ങളുടെയും സഹായത്തോടെയാണ് വൈദ്യുത ലൈനുകളും മരച്ചില്ലകളും ഒതുക്കി യന്ത്രം പതുക്കെ നീങ്ങിയത്. ഇന്നലെ രാവിലെ വെള്ളയമ്പലത്തുനിന്നായിരുന്നു അവസാന ദിവസയാത്ര. വൈകിട്ടോടെ വട്ടിയൂർക്കാവിലെത്തി. ഇനി യന്ത്രം ഇറക്കി സ്ഥാപിക്കുന്ന ജോലികളാണ് നടത്തേണ്ടത്. അതിനും ആഴ്ചകൾ വേണ്ടിവരും.