നെടുമങ്ങാട് :ആനാട്,പനവൂർ പഞ്ചായത്തുകളിൽ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകനയോഗം ഡി.കെ.മുരളി എം.എൽ.എയുടെ നേതൃത്വത്തിൽ വീഡിയോ കോൺഫറൻസിലൂടെ ചേർന്നു.നെടുമങ്ങാട് തഹസിൽദാർ എം.കെ.അനിൽകുമാർ,ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, വിവിധ വകുപ്പ് മേധാവികൾ,തദ്ദേശ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.വഞ്ചുവം സ്വദേശിയായ 72 -കാരന്റെ രോഗ ഉറവിടം കണ്ടെത്താനാകാത്തത് കാരണം സമ്പർക്കപ്പട്ടിക തയ്യാറാക്കാൻ വൈകുകയാണെന്നും കൊല്ല സ്വദേശിയായ 40 -കാരന്റെ സമ്പർക്കപ്പട്ടിക തയ്യാറായതായും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.പ്രൈമറി കോൺടാക്ടിൽ ഉൾപ്പെട്ടവരുടെ ആർ.ടി-പി.സി.ആർ ടെസ്റ്റിനു ആവശ്യമായ നടപടികൾ ഏർപ്പെടുത്തി.കണ്ടൻമെന്റ് സോണുകളിൽ നിന്നും രഹസ്യമായി ആനാട്,പനവൂർ പഞ്ചായത്തുകളിൽ വന്ന് താമസിക്കുന്നവർക്കെതിരെയും അവരെ സംരക്ഷിക്കുന്ന വീട്ടുകാർക്കെതിരെയും കർശന നടപടി കൈക്കൊള്ളാൻ പൊലീസിന് നിർദ്ദേശം നൽകി.