കിളിമാനൂർ: സംസ്ഥാനത്ത് കൊവിഡ് ബാധ തീവ്രമായി തുടരുമ്പോഴും ജോലിഭാരമൊഴിയാതെ അങ്കണവാടി ടീച്ചർമാർ. അദ്ധ്യാപന ജോലി ഇല്ലെങ്കിലും മറ്റ് സേവന പ്രവർത്തനങ്ങളുമായി സദാ സന്നദ്ധരാണിവർ. എന്നാൽ ജോലിക്ക് അനുസൃതമായ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ഇവർക്കില്ല. ഈ പരിഭവം ഉള്ളിലുണ്ടെങ്കിലും ഇതെല്ലാം മാറ്റിവച്ച് കർമ്മനിരതരായി മുന്നോട്ടുപോകുകയാണിവർ.
കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ ഏത് പദ്ധതി നിലവിൽ വന്നാലും അതിൽ ഭൂരിഭാഗവും നിർവഹിക്കേണ്ട ചുമതല ഇവർക്കാണ്. അതിൽ ഭക്ഷ്യക്കിറ്റ് വിതരണവും ഫീൽഡ് സർവേയുമൊക്കെ ഉൾപ്പെടും. മിക്ക അങ്കണവാടികളിലും ഒരു അദ്ധ്യാപികയും ഒരു ഹെൽപ്പറും മാത്രമാണുള്ളത്. പത്ത് മുതൽ രണ്ട് വരെയാണ് സ്ഥാപനത്തിന്റെ പ്രവർത്തന സമയം. അതിനു ശേഷമാണ് പഞ്ചായത്തും ആരോഗ്യവകുപ്പും നൽകുന്ന മറ്റ് ജോലികൾ നിർവഹിക്കേണ്ടത്. ഫീൽഡ് സർവേ നടത്തുന്നതിനായി നിശ്ചയിച്ചിട്ടുള്ള സമയം മൂന്ന് മുതൽ നാലരവരെയാണ്.
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള വിവരശേഖരണം ആരംഭിച്ചതോടെ ഗുണത്തേക്കാൾ ഏറെ ദോഷമാണെന്നും സാങ്കേതിക തകരാറുമൂലം ഓരോ വീട്ടിലും മണിക്കൂറുകൾ തങ്ങേണ്ടിവരുന്നതായും ഇവർ പരാതിപ്പെടുന്നു. പലപ്പോഴും രാത്രിയായാലും വീട്ടിലെത്താൻ കഴിയാത്ത സ്ഥിതിയാണ്. ആശാ വർക്കർമാരെക്കൊണ്ട് ചെയ്യിപ്പിക്കാവുന്ന ജോലികളാണ് ഇവരെ കൊണ്ട് ചെയ്യിപ്പിക്കുന്നതെന്നും അക്ഷേപമുണ്ട്. തങ്ങളുടെ പ്രശ്നങ്ങളിൽ ഇനിയെങ്കിലും അധികൃതർ ഇടപെടുമെന്നും പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണിവർ ഒരോദിവസവും തള്ളിനീക്കുന്നത്.
അങ്കണവാടി ടീച്ചർമാരുടെ അദ്ധ്യാപകേതര ജോലികൾ
01.പോഷകാഹാര വിതരണം
02. അനൗപചാരിക പ്രീ സ്കൂൾ വിദ്യാഭ്യാസം
03. പ്രതിരോധ പ്രവർത്തനം
04. വളർച്ചാനിരീക്ഷണം
05. പെൺകുട്ടികൾക്കായുള്ള സബല, ഗർഭിണികൾക്കായുള്ള ഇന്ദിരാഗാന്ധി മാതൃത്വ സഹയോജന എന്നിവയ്ക്കുള്ള അർഹരെ കണ്ടെത്തൽ.
06. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്ക് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കൽ
07. പൾസ് പോളിയോ, മന്ത് നിവാരണ പരിപാടി
08. വികലാംഗർക്കുള്ള ഏകീകൃത തിരിച്ചറിയൽ കാർഡ് വിതരണം.
09. മറ്റ് സർക്കാർ പദ്ധതികളുടെ നടത്തിപ്പ്
ലഭിക്കുന്നത്: 12000 രൂപ മാത്രം