തിരുവനന്തപുരം : രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം രണ്ടാംഘട്ടമായ പ്ളാൻ ബിയിലേക്ക് കടക്കുന്നു. സമ്പർക്കരോഗവ്യാപനം രൂക്ഷമായ തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ, മലപ്പുറം, പത്തനംതിട്ട ജില്ലകളിലാണ് പ്ലാൻ ബി നടപ്പാക്കുന്നത്. 71 സർക്കാർ ആശുപത്രികളും 55 സ്വകാര്യ ആശുപത്രികളും ഉൾപ്പെടെ 126 കൊവിഡ് സെന്ററുകൾ കൂടി ഇതിന്റെ ഭാഗമായി തുറക്കും. അഞ്ച് ജില്ലകളിലായി 1408 ഐസൊലേഷൻ കിടക്കകൾ പുതുതായി ഒരുക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.
ഇതിന് പുറമേ രോഗലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളെ പാർപ്പിക്കുന്നതിനായി
ഓരോ ജില്ലയിലും രണ്ട് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററും ഒരുക്കും. ഫെബ്രുവരി ആദ്യവാരമാണ് പ്ളാൻ എ,ബി,സി എന്നിങ്ങനെ മൂന്ന് ഘട്ടങ്ങൾ ആരോഗ്യവകുപ്പ് ആവിഷ്കരിച്ചത്. അഞ്ചുമാസം പ്ലാൻ എയ്ക്കുള്ളിൽ നിന്ന് രോഗവ്യാപനം നിയന്ത്രിക്കാനായത് മികവായാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്
ആരോഗ്യപ്രവർത്തകരുടെ രണ്ടാംനിര
നിലവിൽ കൊവിഡ് രോഗികളുമായി ഇടപെടുന്ന ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിക്കുന്നതോടെ റിസർവ് ചെയ്തിരിക്കുന്ന രണ്ടാം നിര ടീമിനെ രംഗത്തിറക്കും. മെഡിസിൻ, സർജറി, ഓർത്തോ തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാരും അനുബന്ധജീവനക്കാരുമാണ് ഇപ്പോൾ രോഗികളെ പരിചരിക്കുന്നത്. പലജില്ലകളിലും ഇക്കൂട്ടരിൽ രോഗം പടർന്നുതുടങ്ങി. ഇതോടെ മറ്റു വിഭാഗങ്ങളിലുള്ള ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും ചികിത്സയ്ക്കായി നിയോഗിക്കും.
അടുത്തഘട്ടം പ്ലാൻ സി
വലിയതോതിൽ സമൂഹവ്യാപനമുണ്ടാകുന്ന ഘട്ടത്തിലാണ് പ്ലാൻ സി നടപ്പാക്കുക.
ഈ ഘട്ടത്തിൽ സർക്കാർ - സ്വകാര്യ ആശുപത്രികളിൽ ഒരുപോലെ രോഗികളെ പ്രവേശിപ്പിക്കും.
അശുപത്രികളിലെ അത്യാവശ്യമില്ലാത്ത വിഭാഗങ്ങളെ ഒഴിപ്പിക്കും.
'സമ്പർക്ക രോഗവ്യാപനം 60 ശതമാനത്തിലേറെയായ ജില്ലകളിലാണ് പ്ലാൻ ബി നടപ്പാക്കുന്നത്. എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.'
-ഡോ. രാജൻ എൻ. ഖോബ്രഗഡേ
ആരോഗ്യവകുപ്പ് സെക്രട്ടറി