#ജലവൈദ്യുതി യൂണിറ്റിന് 25 പൈസ
# പുറത്തുനിന്ന് വാങ്ങാൻ 3.25 രൂപ
തിരുവനന്തപുരം: കാലവർഷം ശക്തി പ്രാപിച്ചില്ലെങ്കിൽ സെപ്തംബറോടെ വൈദ്യുത ഉത്പാദനം പ്രതിസന്ധിയിലാകും. ഇടുക്കി അണക്കെട്ടിൽ 30 ശതമാനവും മറ്റു ഡാമുകളിൽ 20 ശതമാനത്തിൽ താഴെയുമാണ് ജലനിരപ്പ്. ജൂൺ അഞ്ചിന് ആരംഭിച്ച കാലവർഷം ഒരാഴ്ചമാത്രമാണ് നന്നായി പെയ്തത്. ആഗസ്റ്റ് വരെ ഉല്പാദനത്തിനുുള്ള ജലമേയുള്ളൂ. അമിത വില കൊടുത്ത് പുറത്തു നിന്ന് വൈദ്യുതി എത്തിക്കേണ്ടിവരും. ജലനിലയങ്ങളിൽ ഉത്പാദന ചെലവ് യൂണിറ്റിന് 25 പൈസയാണ്. പുറത്തുനിന്ന് വാങ്ങുന്നതിന് 3.25 രൂപയും.
ലോക്ക് ഡൗണായതിനാൽ പ്രതിദിന ഉപഭോഗം കുറഞ്ഞിട്ടുണ്ട് (60-62 ദശലക്ഷം യൂണിറ്റ്). കഴിഞ്ഞ വർഷം ഈ സമയം 70-72 ദശലക്ഷം യൂണിറ്റായിരുന്നു പ്രതിദിന ഉപഭോഗം. ഇതു കണക്കിലെടുത്ത് ഉത്പാദനവും കുറച്ചിട്ടുണ്ട്.
ജലനിരപ്പ്
(ശതമാനക്കണക്കിൽ)
ഡാം 2020 ജൂലായ്.... 2019 ജൂലായ്
ഇടുക്കി 32------------- 39
പമ്പ 20--------------40
ഷോളയാർ 20--------------49
ഇടമലയാർ 20--------------48
കുണ്ടള 13--------------41
മാട്ടുപ്പെട്ടി 9--------------30
''മഴ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. തീരെ കുറഞ്ഞാൽ പുറത്തുനിന്ന് കൂടുതൽ വാങ്ങേണ്ടി വരും''
- എൻ.എസ്.പിള്ള,
ചെയർമാൻ, കെ.എസ്.ഇ.ബി
I