gunman-dead

തിരുവനന്തപുരം: യു.എ.ഇ കോൺസൽ ജനറലിന്റെ ഗൺമാനായിരുന്ന സിവിൽ പൊലീസ് ഓഫീസർ ജയഘോഷിനെ കസ്റ്റംസും ഇന്റലിജൻസ് ബ്യൂറോയും (ഐ.ബി) ചോദ്യംചെയ്തു.

കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് സ്വകാര്യാശുപത്രിയിൽ കഴിയുന്ന ജയഘോഷിനെ അവിടെയെത്തിയാണ് ചോദ്യംചെയ്തത്. തന്നെ അപായപ്പെടുത്തുമെന്ന് ആവർത്തിച്ച ജയഘോഷ്, ആരുടെ ഭീഷണിയെന്ന് വെളിപ്പെടുത്തിയില്ല. ഇക്കാര്യം പൊലീസിനെ അറിയിക്കാതിരുന്നതിനും ഉത്തരമില്ല.

ഡിസ്ചാർജ് ചെയ്തശേഷം വിശദമായി ചോദ്യംചെയ്യും.

ആത്മഹത്യാശ്രമം നാടകമെന്ന അനുമാനത്തിലാണ് കസ്​റ്റംസ്. പ്രതികളായ സ്വപ്ന സുരേഷുമായും സരിത്തുമായും സ്വർണം പിടിച്ചെടുത്ത ദിവസങ്ങളിൽ ജയഘോഷ് തുടർച്ചയായി ഫോണിൽ സംസാരിച്ചിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ജയഘോഷിന് അറിയാമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ജയഘോഷിന്റെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കും.

മൂന്നു വർഷമായി കോൺസുലേ​റ്റിൽ ജോലി ചെയ്യുന്ന ജയഘോഷിനെ കൈഞരമ്പു മുറിച്ച നിലയിൽ വീടിനടുത്തെ കുറ്റിക്കാട്ടിൽ കണ്ടെത്തുകയായിരുന്നു. മറ്റ് സുരക്ഷാ ജീവനക്കാർക്കില്ലാത്ത ഭയം ജയഘോഷിന് എന്തിനെന്നാണ് അന്വേഷണ ഏജൻസികൾ ചോദിക്കുന്നത്. ഫോൺവിളികൾ പരിശോധിക്കുന്നുണ്ട്. കാണാതാവുംമുമ്പ് ജയഘോഷിനെ വിളിച്ച പൊലീസുകാരൻ നാഗരാജും സംശയനിഴലിലാണ്. ഇരുവരും അഞ്ചുവർഷം തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.