സിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച താരമാണ് അനുമോൾ. തന്നെ തേടിയെത്തുന്ന എല്ലാ കഥാപാത്രങ്ങളും അതിന്റേതായ മികവിൽ അവതരിപ്പിക്കാൻ താരം ശ്രമിക്കാറുണ്ട്.
ഇപ്പോൾ ഇതാ സമൂഹമാദ്ധ്യമങ്ങളിലെ സദാചാരവാദികളെ വിമർശിച്ച് നടി അനുമോൾ രംഗത്ത്എത്തിയിരിക്കുന്നു . "എങ്ങനെ വസ്ത്രം ധരിക്കണമെന്ന് എന്നോടു പറയേണ്ട, അവരോടു തുറിച്ചു നോക്കരുതെന്ന് പറയൂ." എന്ന ക്യാപ്ഷനോടെ താരം പങ്കു വച്ച ചിത്രം സമൂഹമാധ്യമങ്ങളിൽ സ്ത്രീകളോട് മോശമായി പറയുന്നവർക്കുള്ള താക്കീതായി. കഴിഞ്ഞ ദിവസം തനിക്ക് സോഷ്യൽ മീഡിയയിലൂടെ ഉണ്ടായ ഒരു മോശം കമെന്റിന് പ്രതികരിച്ച് അനുമോൾ എത്തിയിരുന്നു . കർക്കിടകമാസത്തിന്റെ വരവ് അറിയിച്ച് നടി ഒരു പോസ്റ്റ് ഇട്ടിരുന്നു. പോസ്റ്റിന് കീഴിലെത്തിയ കമന്റുകൾക്ക് അനുമോൾ മറുപടിയും നൽകി. ചിലർ പരിചയം പുതുക്കുമ്പോൾ ചിലർ അനുമോളെ അഭിനന്ദിക്കുന്നുമുണ്ട്. എന്നാൽ ഇതിനിടെ ഒരാൾ മോശമായി കമന്റ് ചെയ്യുകയും അതിന് അനുമോൾ ചുട്ട മറുപടി നൽകുകയും ചെയ്തു.
ഒടുക്കം ഒരു വെടി വഴിപാടു കൂടി നടത്തിയാൽ പിന്നെ ഇനിയുള്ള രാത്രികൾ കൂടി കേമമാക്കാം എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. കൃത്യമായ മറുപടിയും താരം നൽകി. "മനസിലായില്ല, സ്വന്തം വീട്ടിൽ ഉള്ളോരോട് പറയൂ, എന്റെ രാത്രികളും പകലുകളും എന്നും നല്ലതാണ്." എന്നായിരുന്നു അനുവിന്റെ മറുപടി.
"കർക്കിടക സംക്രാന്തി ശീവോതി വെച്ചു (ജ്യേഷ്ഠ ഭഗവതിയെ പുറത്താക്കി ശ്രീ പാർവതി ദേവിയെ വീട്ടിൽ കുടിയിരുത്തി) .. രാത്രി മൈലാഞ്ചി ഇട്ട് ഉറങ്ങി എന്നേക്കുമ്പോ കർക്കിടകം ആവും.. ഇനി ദശപുഷ്പം ചൂടി മുക്കുറ്റി കുറി തൊട്ട്, പത്തിലക്കറി കൂട്ടി അമ്മയുടെ രാമായണ വായനയും കേട്ട് ഒരു മാസം..." എന്ന അനുമോളുടെ പോസ്റ്റിനായിരുന്നു മോശം കമന്റുണ്ടായത്.