പൂവച്ചൽ: ഇരുപതിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ച പൂവച്ചൽ ഗ്രാമപഞ്ചായത്തിൽ സ്രവപരിശോധനയും അണുനശീകരണവും വ്യാപകമാക്കണമെന്ന് ആവശ്യം. ശനിയാഴ്ച 125 ഒാളം പേർക്ക് സ്രവപരിശോധന നടത്തിയിരുന്നെങ്കിലും പോസിറ്റീവ് ആയ വ്യക്തിയുടെ പ്രഥമ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരിൽ 50 പേർക്ക് മാത്രമാണ് ആന്റിജൻ പി.സി.ആർ പരിശോധന നടത്തിയത്.
എന്നാൽ പി.സി.ആർ ആവശ്യാനുസരണം ലഭ്യമായില്ലെന്നതിനാൽ ഇതേ പട്ടികയിൽ ഉൾപ്പെട്ട 70തോളം പേരുടെ പരിശോധന നടന്നിട്ടില്ലെന്നാണ് പരാതി. രണ്ടാം സമ്പർക്ക പട്ടികയിൽ ഉള്ളവർക്ക് പരിശോധന നടത്താനുള്ള തീരുമാനവുമായിട്ടില്ല. പ്രഥമ സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ പരിശോധന ഫലത്തിൽ പോസിറ്റീവ് കേസുകൾ ഉണ്ടെങ്കിൽ മാത്രമേ ഇവരുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരുടെ പരിശോധന ആവശ്യമായി വരുകയുള്ളു എന്നാണ് അധികൃതർ പറയുന്നത്. എന്നാൽ പോസിറ്റീവായ വ്യക്തികളുടെ കുടുംബത്തിൽ ഉള്ളവർക്കെങ്കിലും പരിശോധന നടത്തണമെന്ന ആവശ്യം ശക്തമാകുകയാണ്. കൊവിഡ് പോസിറ്റീവ് ആയവർ സന്ദർശിച്ച സ്ഥാപനങ്ങളുടെ ഉടമകളെയും ജീവനക്കാരെയും പട്ടികയിൽ ഉൾപ്പെടുത്തിയെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുമ്പോഴും ഇവർക്ക് ഇതുവരെയും പരിശോധനകൾ ഒന്നും തന്നെ നടത്തിയിട്ടില്ല. റൂട്ട് മാപ്പിലുള്ള ഇത്തരം സ്ഥാപനങ്ങൾ അടച്ചിടാനോ അണുനശീകരണം നടത്താനോ യാതൊരു നടപടിയും അധികാരികൾ സ്വീകരിച്ചില്ലെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. അതേസമയം പോസിറ്റീവാകുന്ന വ്യക്തികൾ നൽകുന്ന റൂട്ട് മാപ്പ് വ്യക്തമായ പരിശോധനകൾക്ക് വിധേയമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
'കറങ്ങി നടക്കൽ" ഭീഷണി
പ്രഥമ സമ്പർക്ക പട്ടികയിൽ ഉള്ളവരും ഇവരോടൊപ്പം അടുത്തിടപഴകുന്നവരും കണ്ടെയ്ൻമെന്റ് സോണായിട്ടും യഥേഷ്ടം പുറത്തിറങ്ങുന്ന സാഹചര്യം ഉണ്ട്. പലരും പരിശോധനയ്ക്ക് എത്തുമ്പോഴും തിരികെ പോകുമ്പോഴും വിവിധ സ്ഥാപനങ്ങൾ ഉൾപ്പടെ സന്ദർശിച്ചാണ് മടങ്ങുന്നത്. ഇത് സമൂഹ വ്യാപനത്തിന് കാരണമാകുമോ എന്ന ഭയവും ആരോഗ്യ പ്രവർത്തകർക്കുണ്ട്. കഴിഞ്ഞ ദിവസം പോസിറ്റീവ് ആയ വ്യക്തി കാട്ടാക്കടയിൽ പച്ചക്കറികടയിലും ഒരു ബേക്കറിയിലും ഒരാഴ്ചയോളം നിത്യ സന്ദർശനം നടത്തിയതായി റൂട്ട് മാപ്പിലുണ്ട്.