തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന്
സ്വർണക്കടത്തിൽ നേരിട്ട് ബന്ധമുണ്ടെന്ന് സ്ഥാപിക്കാനുള്ള തെളിവുകൾ കണ്ടെത്താൻ പ്രത്യേക ദൗത്യവുമായി എൻ.ഐ.എ.
ഒന്നരവർഷത്തെ അദ്ദേഹത്തിന്റെ വിദേശയാത്രകളും വിദേശത്തേക്കുള്ള ഫോൺവിളികളും വിശദമായി പരിശോധിക്കുകയാണ്. സ്വർണമെത്തിയ ജൂൺമാസത്തിൽ വിദേശത്തേക്കുള്ള ആറ് വിളികൾ സംശയനിഴലിലാണ്. വാട്സ്ആപ് വിളികളും പരിശോധിക്കുന്നു. ഫോൺ കസ്റ്റംസ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതിൽനിന്ന് നിർണായക വിവരങ്ങൾ ലഭിച്ചേക്കും.
സ്വർണക്കടത്തിൽ ശിവശങ്കറിന് നേരിട്ട് പങ്കുണ്ടെന്നതിന് തെളിവ് കിട്ടിയിട്ടില്ല. ദുബായിൽ പിടിയിലായ ഫൈസൽ ഫരീദിനെ നാട്ടിലെത്തിച്ച് ചോദ്യംചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് സൂചന. വിദേശത്തെ ബന്ധങ്ങളും പരിശോധിച്ചശേഷമാവും ശിവശങ്കറിനെ ചോദ്യംചെയ്യുക. ഇതിന് യു.എ.ഇയിലെ ഇന്ത്യൻ എംബസിയുടെ സഹായം ലഭിക്കും.
ശിവശങ്കറിന്റെ വിദേശയാത്രകൾ മിക്കതും ഔദ്യോഗികമാണെങ്കിലും ഈ യാത്രകളിൽ പ്രതികൾ അനുഗമിച്ചിരുന്നോയെന്നും സ്വർണക്കടത്തിന് പണം മുടക്കിയവരുമായി വിദേശത്ത് ബന്ധപ്പെട്ടിരുന്നോയെന്നും കണ്ടെത്തണം.
കസ്റ്റംസ്, റവന്യൂ ഇന്റലിജൻസ് എന്നിവയ്ക്ക് പുറമെ ചില ഐ.പി.എസ് ഉദ്യോഗസ്ഥരും ഇന്ത്യൻ മിഷനിലുണ്ട്. ശിവശങ്കറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാൻ അന്വേഷണ സംഘം എൻ.ഐ.എ ആസ്ഥാനത്ത് അനുമതി തേടിയിട്ടുണ്ട്.
ശിവശങ്കറിന്റെയും മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോയായിരുന്ന അരുൺ ബാലചന്ദ്രന്റെയും അറിവോടെയായിരുന്നു സ്വർണക്കടത്തെന്നാണ് ഒന്നാം പ്രതി സരിത്തിന്റെ മൊഴി. എന്നാൽ, സൗഹൃദത്തിനപ്പുറമുള്ള ബന്ധമുണ്ടായിരുന്നെന്ന് സമ്മതിക്കുന്നെങ്കിലും ശിവശങ്കറിനെ സ്വർണക്കടത്തുമായി ബന്ധിപ്പിക്കാനുള്ള വിവരങ്ങൾ സ്വപ്ന നൽകുന്നില്ല. മൂന്ന് പ്രതികളും ശിവശങ്കറിന്റെ പങ്കിനെക്കുറിച്ച് പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകുന്നത്.
ഇത് മനപൂർവ്വമാണെന്നാണ് അന്വേഷണസംഘം പറയുന്നത്. തന്നെ കുടുക്കി ശിവശങ്കറിനെ രക്ഷിക്കാനാണ് ശ്രമമെന്ന് അരുൺ ആരോപിക്കുന്നു.
അന്വേഷണപരിധിയിൽ
# ഒന്നരവർഷത്തെ വിദേശയാത്രകൾ,
# യാത്രയിലും വിദേശത്തും പ്രതികളുടെ സാന്നിദ്ധ്യം
# വിദേശത്തേക്കുള്ള ഫോൺ വിളികൾ
# വിദേശത്ത് വച്ച് ആരെയൊക്കെ ബന്ധപ്പെട്ടു
പ്രതികൾ ഒത്തുകൂടിയത്
സ്വപ്നയുടെ വാടകവീട്ടിലും
*ശിവശങ്കർ എത്തിയത് സ്റ്റേറ്റ് കാറിൽ
തിരുവനന്തപുരം : സ്വപ്ന സുരേഷ് നേരത്തേ താമസിച്ച പി.ടി.പി നഗർ പടയണിയിലെ വീട്ടിൽ സ്വർണക്കടത്ത് കേസിലെ പ്രതികളായ സരിത്തും സന്ദീപും തുടർച്ചയായി എത്തിയിരുന്നതായി എൻ.ഐ.എ കണ്ടെത്തി.
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറും ഈ വീട്ടിൽ പതിവായി എത്തിയിരുന്നു. കേരള സ്റ്റേറ്റ് ബോർഡ് വച്ച കാറിലായിരുന്നു വരവ്. രാത്രി വൈകിയും ആഘോഷവും പാർട്ടികളും പതിവായതോടെ, സമീപവാസികൾ എതിർപ്പറിയിച്ചിരുന്നതിനെത്തുടർന്നാണ് സ്വപ്ന അമ്പലംമുക്കിലെ ഫ്ലാറ്റിലേക്ക് താമസം മാറിയത്.
പി.ടി.പി നഗറിലെ വീട്ടിൽ സ്വപ്നയുമായി എൻ.ഐ.എ സംഘം ശനിയാഴ്ച തെളിവെടുപ്പ് നടത്തിയിരുന്നു.
സ്വർണക്കടത്തിന്റെ ഗൂഢാലോചനയടക്കം ഇവിടെയും നടന്നതായി കണ്ടെത്തി. 22മാസം ഈ വീട്ടിൽസ്വപ്ന താമസിച്ചിരുന്നപ്പോൾ, ഇവർക്കെതിരേ ഒട്ടേറെ പരാതികൾ ഉയർന്നതായി അയൽക്കാർ പറയുന്നു. പലപ്പോഴും രാത്രി വൈകി സന്ദർശകരെത്തിയിരുന്നു. തന്റെ ഭർത്താവ് ജയശങ്കർ ഡെപ്യൂട്ടി കളക്ടറാണെന്നും, ഐ.ടി ജീവനക്കാരനാണെന്നുമൊക്കെയാണ് സ്വപ്ന പലരോടും പറഞ്ഞിരുന്നത്. സ്വപ്നയുടെ വീട്ടിൽ രാത്രി വൈകി ആഘോഷപരിപാടികൾ നടക്കാറുണ്ടെന്ന് അയൽക്കാർ പരാതിപ്പെട്ടതോടെ റസിഡൻസ് അസോസിയേഷൻ ഇടപെട്ട് വിലക്കി. പിന്നീടും ഇത് തുടർന്നു. മേയ് 30നാണ് സ്വപ്ന വീട് മാറിപ്പോയത്. അതിന് മുമ്പ് സ്വപ്നയും ഭർത്താവും രണ്ട് ദിവസങ്ങളിലായി കടലാസുകൾ കൂട്ടിയിട്ട് കത്തിച്ചു. സമീപവാസികൾ ചോദിച്ചപ്പോൾ മാലിന്യമാണെന്നാണ് പറഞ്ഞത്. കത്തിച്ചുകളഞ്ഞത് സ്വർണക്കടത്തുമായി ബന്ധപ്പെട്ട രേഖകളോ സ്വർണം കടത്തിയ ബാഗുകളോ ആണോയെന്നും സംശയമുണ്ട്.