നെടുമങ്ങാട്: വലിയമലയിൽ ഐ.എസ്.ആർ.ഒയുടെ എൽ.പി.എസ്.സി വികസനത്തിനായി ഏറ്റെടുത്ത 67.5 ഏക്കർ സ്ഥലം ഏറ്റെടുക്കൽ നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് നെടുമങ്ങാട് നഗരസഭ കൗൺസിൽ പ്രമേയം പാസാക്കി. സ്ഥലത്തിന്റെ റവന്യു നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ ഐ.എസ്.ആർ.ഒ അധികാരികൾ പുലർത്തുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് നഗരസഭ കൗൺസിൽ ഏകകണ്ഠേന പ്രമേയം പാസാക്കിയത്. 5 വർഷമായി സ്ഥലം ഏറ്റെടുക്കൽ നടപടികൾ തുടങ്ങിയിട്ട്. 190 ഭൂവുടമകളുടെ സ്ഥലമാണ് നിലവിൽ ഏറ്റെടുത്തിട്ടുള്ളത്. ഇതിൽ 37 പേർ കുടുംബമായി താമസിക്കുന്നവരാണ്. 200 കോടിയോളം രൂപയാണ് വസ്തുവിനു നഷ്ടപരിഹാരമായി ഐ.എസ്.ആർ.ഒ കെട്ടിവയ്ക്കേണ്ടത്. എന്നാൽ, വസ്തു ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് റവന്യു നടപടികൾ പൂർത്തിയാക്കാൻ ഐ.എസ്.ആർ.ഒ ഇതുവരെ തയ്യാറായിട്ടില്ല. ഇക്കാരണത്താൽ വസ്തു ഉടമകൾ അനുഭവിക്കുന്ന ദുരിതം വിവരിച്ച് ഇക്കഴിഞ്ഞ 5 ന് കേരളകൗമുദി റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് വിഷയം നഗരസഭ കൗൺസിലിൽ ചർച്ചയായത്. ചെയർമാൻ ചെറ്റച്ചൽ സഹദേവന്റെ നേതൃത്വത്തിൽ നഗരസഭ ഔദ്യോഗിക പ്രമേയമാണ് പാസാക്കിയിട്ടുള്ളത്.