നാഗർകോവിൽ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച ഞാറാഴ്ച് ലോക് ഡൗണിൽ സർക്കാരിനും ജീവനും വില കൽപ്പിക്കാതെ ജനങ്ങൾ തെരുവിൽ.
കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിൽ നിയമം പാലിച്ച ജനങ്ങൾ ഇന്നലത്തെ ലോക് ഡൗണിൽ നിയന്ത്രണം ലംഘിച്ചു. ജില്ലയിലെ മിക്ക സ്ഥലങ്ങളിലും പുറത്തിറങ്ങി ബൈക്കിലും കാറിലുമായി കറങ്ങി നടന്നു. പൊതുവേ ലോക്ക്ഡൗൺ ദിനത്തിൽ പുറത്ത് ഇറങ്ങുന്നവരെ നിയന്ത്രിക്കാനും താക്കീത് ചെയ്യാനും ജില്ലയിലെ ഇടറോഡുകളിൽ വരെ പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടാവും. എന്നാൽ ഇന്നലെ ചെക്ക്പോസ്റ്റുകളിലും ദേശീയപാതയിലെ മാർത്താണ്ഡം, തക്കല,നാഗർകോവിൽ എന്നീ സ്ഥലങ്ങളിലും മാത്രമാണ് പൊലീസ് ഉണ്ടായിരുന്നത്. കന്യാകുമാരി ജില്ലയിൽ ദിനപ്രതി രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ജില്ലാ ഭരണകൂടം ജനങ്ങളെ കൈവിട്ട അവസ്ഥയാണ്. സർക്കാർ ഉടൻ വേണ്ട നടപടി സ്വീകരിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോയേക്കും.
|