തിരുവനന്തപുരം: കവടിയാർ - അമ്പലമുക്ക് റോഡിന് സമീപമുള്ള കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ നഷ്ടം 30 ലക്ഷത്തിന് മുകളിലുണ്ടാകുമെന്ന് അഗ്നിശമന സേന അധികൃതർ പറഞ്ഞു. പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണിത്. കടയുടമകളുടെ നഷ്ടത്തിന്റെ കൃത്യമായ കണക്ക് ലഭിക്കാനുണ്ട്.
ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് രാജധാനി വിൻസർ ഹോട്ടലിന് എതിർവശത്തുള്ള കെട്ടിടത്തിലെ ക്രസന്റ് ഫാസ്റ്റ് ഫുഡ്, ടെലിമെക് ഇലട്രോണിക്സ് സർവീസ് സെന്റർ, ശ്രീസായി കമ്മ്യൂണിക്കേഷൻസ് എന്നീ സ്ഥാപനങ്ങൾക്ക് തീപിടിച്ചത്. ഇതിനോട് ചേർന്നുള്ള എസാർ ജ്യൂസ് കോർണർ ഭാഗികമായും നശിച്ചു. മുന്നൂറോളം എൽ.സി.ഡി, എൽ.ഇ.ഡി ടിവികൾ കത്തിനശിച്ചതായി സർവീസ് സെന്റർ ഉടമ പ്രദീപ് പറഞ്ഞു. ഇതിലേറെയും കേടുകൾ പരിഹരിച്ച് കൊണ്ടുപോകാനുള്ള വലിയ ടി.വികളായിരുന്നു. ഓരോന്നിനും 40000 രൂപ വരെ വില വരും. ഒപ്പം സ്റ്റോക്ക് ചെയ്‌തിരുന്ന സ്‌പെയർ പാർട്ട്സുകളും അഗ്നിക്കിരയായി. കൃത്യമായ കണക്കുകൾ എടുക്കുന്നതെയുള്ളൂവെന്നും പ്രദീപ് പറഞ്ഞു.
ശ്രീസായി കമ്മ്യൂണിക്കേഷൻസിലെ കമ്പ്യൂട്ടറുകളും ഫോണുകളും ഫോട്ടോസ്റ്റാറ്റ് മെഷീനും കത്തിനശിച്ചു. ഇവിടെയും ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. പ്രാഥമിക കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് പറയുമ്പോഴും ഇക്കാര്യത്തിൽ വ്യക്തതയില്ല. ആദ്യം തീപടർന്ന റസ്റ്റോറന്റിലെ രണ്ടു ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടം രൂക്ഷമാക്കിയത്. ഒരു സിലിണ്ടർ ഛിന്നഭിന്നമായെന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥൻ ജി. വിജയൻ പറഞ്ഞു. മണ്ണാമൂട് സ്വദേശി ഉടമയായ 4000 സ്‌ക്വയർഫീറ്റുള്ള കെട്ടിടത്തിന് ഇൻഷ്വറൻസ് ഇല്ലെന്നാണ് വിവരം.