pic1

നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ കൊവിഡ് വ്യാപനം ഏറുന്നു. ജില്ലയിൽ രോഗ ബാധിതരുടെ എണ്ണം 2400 കടന്നു. ദിവസേന രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. ഉറവിടങ്ങൾ കണ്ടെത്താൻ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല. ഇന്നലെ ജില്ലയിൽ 145 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 130ൽ അധികം പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം.

നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലും ഐസൊലേഷൻ വാർഡിലുമായി 1300ൽ അധികം പേർ ഉണ്ട്. 67 പേർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ആശാരിപ്പള്ളം ആശുപത്രിയിൽ ചികിത്സ തേടിയ 964പേർ രോഗ മുക്തി നേടി. കൊല്ലങ്കോട് ഫയർ ഫോഴ്സ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ്. രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും രണ്ട് ഡോക്ടർമാർക്കും കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. തക്കല പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന 39 കാരനായ കോൺസ്റ്റബിളിനും ഊട്ടിയിൽ ജോലി ചെയ്യുന്ന കാപ്പിക്കാട് സ്വദേശി 28 കാരനായ പൊലീസുകാരനും, കുഴിത്തുറ ഗവ. ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർക്കും സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർക്കുമാണ് ഇന്നലെ രോഗം കണ്ടെത്തിയത്. ഇന്നലെ ജില്ലയിൽ രണ്ടുപേർ കൂടി മരിച്ചു. ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20 ആയി.