കോഴിക്കോട്: ഡെപ്യൂട്ടി പൊലീസ് കമ്മിഷണറുടെ കാര്യാലയത്തിൽ നവീകരണ ജോലിയ്ക്കെത്തിയ അന്യസംസ്ഥാന തൊഴിലാളിയിൽ നിന്ന് പൊലീസെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയ കേസിൽ രണ്ട് പേർ പടിയിലായി. അത്തോളിയിലെ പുനത്തിൽത്താഴം ഹൗസിൽ പി.ടി.ജാഫർ (ജാബിർ, 47), തൊണ്ടിപ്പുറത്ത് ഹൗസിൽ കെ.കെ.വി.ഫൈസൽ (41) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസ് കമ്മിഷണറേറ്റിനു സമീപത്തു വെച്ച് കഴിഞ്ഞ ആറിന് രാത്രി എട്ടരയോടെയായിരുന്നു സംഭവം. ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസിൽ ഇന്റീരിയർ പ്രവൃത്തിയ്ക്ക് വന്ന യു പി സ്വദേശി അഖിലേഷ് യാദവിൽ ഇരുവരും ചേർന്ന് 11,000 രൂപയാണ് തട്ടിയെടുത്തത്. പാഴ്‌സൽ ഭക്ഷണം വാങ്ങി പാവമണി റോഡിലെ പൊലീസ് ക്ലബ്ബിനടുത്തെത്തിയപ്പോൾ ആക്ടിവ സ്‌കൂട്ടറിൽ വന്ന രണ്ട് യുവാവിനെ തടഞ്ഞു വെക്കുകയായിരുന്നു. പൊലീസാണെന്ന് പറഞ്ഞ്, ഐഡന്റി കാർഡ് ആവശ്യപ്പെട്ടു. പോക്കറ്റിൽ പൊന്തി നിൽക്കുന്നത് കഞ്ചാവാണണോ എന്ന് ചോദിച്ച് പഴ്‌സ് പിടിച്ച് വാങ്ങി. അതിൽ നിന്നു 11,000 രൂപയെടുത്ത് യുവാവിനെ തള്ളി മാറ്റി പേഴ്‌സ് വലിച്ചെറിഞ്ഞ ശേഷം വാഹനം ഓടിച്ചുപോവുകയായിരുന്നു.
ഡെപ്യൂട്ടി കമ്മിഷണർ എസ്.സുജിത്ത് ദാസിന്റെ നിർദ്ദേശത്തെ തുടർന്ന് എ.സി.പി എ.ജെ. ബാബുവിന്റെ മേൽനോട്ടത്തിൽ കസബ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കസബ ഇൻസ്‌പെകടർ എൻ.പ്രജീഷ്, എസ്.ഐ വി.സിജിത്ത്, എ.എസ്.ഐ മാരായ സന്തോഷ് കുമാർ, മനോജ്, സീനിയർ സി.പി.ഒ രമേഷ്ബാബു എന്നിവരുൾപ്പെട്ട പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.
നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ വെളള അക്ടിവ സ്‌കൂട്ടർ ഏതാണ്ട് വ്യക്തമായിരുന്നു. പ്രതികൾ അത്തോളിയിൽ സ്‌കൂട്ടറിൽ സഞ്ചരിക്കുന്നുണ്ടെന്നുള്ള രഹസ്യവിവരം ലഭിച്ചതോടെ എസ്.ഐ സിജിത്തും സംഘവും സ്ഥലത്തെത്തി. ഇന്നലെ പുലർച്ച പന്ത്രണ്ടരയോടെയാണ് പ്രതികളെ പിടികൂടിയത്.
ബീവറേജസ് ഔട്ട്‌ലെറ്റ് കുത്തിത്തുറന്ന് 18 ലക്ഷം രൂപ മോഷ്ടിച്ച കേസിലും മറ്റ് നിരവധി പിടിച്ചുപറി, മോഷണക്കേസുകളിലും പ്രതിയാണ് ജാബിർ. എലത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കോഴിക്കടയിൽ നിന്നു പണം തട്ടിപ്പറിച്ച് കടന്നുകളഞ്ഞ കേസിലെ കൂട്ടുപ്രതിയാണ് ഫൈസൽ.