തിരുവനന്തപുരം: സ്വപ്നയും കൂട്ടാളികളും ഒരു വർഷത്തിനിടെ 23 തവണയായി തിരുവനന്തപുരം വിമാനത്താവളം വഴി 112.3കോടി മൂല്യമുള്ള 230കിലോഗ്രാം സ്വർണം കടത്തിയതായി കസ്റ്റംസ് കണ്ടെത്തൽ. യു.എ.ഇ കോൺസുലേറ്റിന്റെ നയതന്ത്ര പരിരക്ഷ ദുരുപയോഗപ്പെടുത്തിയാണിത്.
2019 ജൂലായ് ഒമ്പത് മുതലാണ് കോൺസുലേറ്റിന്റെ പേരിലുള്ള കാർഗോയിൽ സ്വർണക്കടത്ത് തുടങ്ങിയത്. 152കിലോഗ്രാം വരെ ഭാരമുള്ള ബാഗുകൾ അയച്ചിട്ടുണ്ട്. ഭക്ഷ്യവസ്തുക്കൾക്കും വീട്ടുപകരണങ്ങൾക്കുമൊപ്പമായിരുന്നു സ്വർണവും കടത്തിയത്. മുപ്പത് കിലോ സ്വർണം പിടികൂടിയ ബാഗിന്റെ ഭാരം 79 കിലോ.
കോൺസുലേറ്റിന്റെ പേരിലെത്തിയ കാർഗോയുടെ വിവരങ്ങൾ പരിശോധിച്ചപ്പോൾ മിക്കതിലും ഈന്തപ്പഴം, നൂഡിൽസ്, ബിസ്കറ്റ് തുടങ്ങിയ ഭക്ഷ്യവസ്തുക്കളും മതഗ്രന്ഥങ്ങളും.എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഈ ബാഗുകളിലൂടെയാണ് സ്വർണമൊഴുക്കിയത്. നയതന്ത്ര പരിരക്ഷയുടെ മറവിൽ ബാഗുകൾ പരിശോധനയില്ലാതെ വിട്ടുനൽകി.
ഒന്നാംപ്രതി സരിത്താണ് 23 തവണയും കാർഗോ ക്ലിയർ ചെയ്തിരുന്നത്. ഇതിനായി കോൺസുലേറ്റിന്റെ കത്തും നൽകി. രാജ്യം വിട്ട കോൺസുലേറ്റ് അറ്റാഷെയുടെ പേരിലാണ് കാർഗോ എത്തിയിരുന്നത്. ദുബായിൽ നിന്ന് ഫൈസൽ ഫരീദിനെപ്പോലെ നിരവധി പേർ ഡിപ്ലോമാറ്റിക് ബാഗുകളിൽ സ്വർണമയച്ചിട്ടുണ്ട്. ഇതിനായി യു.എ.ഇയുടെ ഔദ്യോഗിക ചിഹ്നവും സീലുകളും സ്റ്റിക്കറുകളും വ്യാജമായി ഉണ്ടാക്കി.
സ്വപ്നയുടെ ബാഗിൽ
15ലക്ഷം
ഒളിവിൽ പോകുംമുൻപ് സ്വപ്ന തലസ്ഥാനത്തെ സുഹൃത്തിനെ സൂക്ഷിക്കാനേൽപ്പിച്ച ബാഗ് കസ്റ്റംസ് പിടിച്ചെടുത്തു. ഇതിൽ 15ലക്ഷം രൂപയും വിദേശ കറൻസികളുമുണ്ട്. വിമാനത്താവളത്തിൽ സ്വർണം പിടികൂടിയതിന് പിന്നാലെയാണ് സ്വപ്ന ബാഗ് സുഹൃത്തിനെ ഏൽപ്പിച്ചത്. ചോദ്യം ചെയ്യലിൽ വിവരം വെളിപ്പെടുത്തിയതോടെ, സുഹൃത്തിനെ കസ്റ്റംസ് വിളിച്ചുവരുത്തി ബാഗ് വാങ്ങുകയായിരുന്നു.