covid-19

തിരുവനന്തപുരം : കൊവിഡ് സമൂഹവ്യാപനത്തിലെത്തിയ തലസ്ഥാനത്ത് കൂടുതൽ ഭീതി പരത്തി മെഡിക്കൽ കോളേജിൽ ഏഴ് ഡോക്ടർമാർ ഉൾപ്പെടെ 20 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെയാണിത്. ഇതോടെ 40 ഡോക്ടർമാരടക്കം 150തോളം പേർ നിരീക്ഷണത്തിലായി.

ഏഴ് ഡോക്ടർമാരിൽ നാല് പേർ പി.ജി ഡോക്ടർമാരും രണ്ടു പേർ മെഡിക്കൽ ഓഫീസർമാരും ഒരാൾ ഹൗസ്‌സർജനുമാണ് ഇതുകൂടാതെ രണ്ട് സ്റ്റാഫ് നഴ്‌സുമാർ, മൂന്ന് ഗ്രേഡ് 3 ഓഫീസ‌ർമാ‌ർ, ഏഴ് അറ്റൻഡർമാർ, ലിഫ്റ്റ് ഓപ്പറേറ്റർ ഒന്ന് എന്നിങ്ങനെയാണ് രോഗബാധിതരായവർ. കൊവിഡ് വിഭാഗത്തിന് പുറത്ത് ജോലി ചെയ്തിരുന്നവരാണ് ഇവരെല്ലാം. നേരത്തെ സർജറി, ഓർത്തോ, സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിൽ ചികിത്സയിലായിരുന്നവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവിടെ ജോലി ചെയ്തിരുന്ന പി.ജി ഡോക്ടർമാരടക്കമുള്ളവർക്ക് രോഗം കണ്ടെത്തിയത്.ഇവരുമായി സമ്പർക്കമുള്ള 40 ഡോക്ടർമാരും 75 നഴ്‌സുമാരും മറ്റ് ജീവനക്കാരുമാണ് നിരീക്ഷണത്തിലായത്.. ഇതുകൂടാതെ ഫോർട്ട് ആശുപത്രി, ചിറയിൻകീഴ് താലൂക്ക് ആശുപത്രി എന്നിവിടങ്ങിളിലും ഡോക്ടമാരടക്കമുള്ളവർക്ക് രോഗം സ്ഥീരികരിച്ചു.

സുരക്ഷയില്ലെന്ന് ആക്ഷേപം


കൊവിഡ് ഡ്യൂട്ടി നോക്കുന്നവർക്ക് പി.പി.ഇ കിറ്റ് ഉൾപ്പെടെ നൽകാറുണ്ടെങ്കിലും, ഇതര ഡ്യൂട്ടി നോക്കുന്നവർക്ക് മതിയായ മുൻകരുതലുകൾ ഒരുക്കുന്നില്ലെന്നാണ് പരാതി. എൻ 95 മാസ്‌കുകളും കൈയ്യുറകളും മാത്രം ധരിച്ചാണ് ഇവർ ജോലി ചെയ്യുന്നത്. എൻ 95 മാസ്‌കുകൾ വീണ്ടും ഉപയോഗിക്കാൻ അധികൃതർ നിർബന്ധിക്കുന്നുണ്ടെന്നും ആരോപണമുണ്ട്.

ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ പോലും ഒപ്പം ജോലി ചെയ്തവരെ നിരീക്ഷത്തിൽ അയക്കുന്നില്ലെന്നും പരാതിയുണ്ട്. ചിറയിൻകീഴ് താലുക്കാശുപത്രിയിൽ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ ഡോക്ടർമാരെ നിരീക്ഷണത്തിലേക്ക് മാറ്റിയെങ്കിലും നഴ്‌സുമാരടക്കമുള്ള മറ്റ് ആരോഗ്യ പ്രവർത്തകരെ നിരീക്ഷണത്തിൽ അയച്ചില്ല. ഡോക്ടറടക്കം എട്ട് പേർക്ക് രോഗം സ്ഥിരീകരിച്ച ഫോർട്ട് ആശുപത്രിയിലും സമാനമായ സ്ഥിതിയാണ്.

' നിലവിൽ മെഡിക്കൽ കോളേജ് അടച്ചിടേണ്ട സ്ഥിതിയില്ല. കൂടുതൽ നിയന്ത്രങ്ങൾ ഏർപ്പെടുത്തും. '

- മന്ത്രി കടകംപള്ളി സുരേന്ദ്രൻ