തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ക്വാറന്റൈൻ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. നെടുമങ്ങാട്, കൊപ്പം വള്ളൂക്കോണം മർഹബ മൻസിലിൽ അബ്ദുൽ വഹാബ് - റജില ബീവി ദമ്പതികളുടെ മകൻ താഹയാണ് (36) മരിച്ചത്. ശനിയാഴ്ച രാത്രി 11നാണ് ബാർട്ടൺഹിൽ കോളേജിലെ നിരീക്ഷണ കേന്ദ്രത്തിന്റെ നാലാം നിലയിൽ നിന്ന് ഇയാൾ ചാടിയത്. ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ രാവിലെ ഏഴിന് മരിച്ചു.
കഴിഞ്ഞ 25 നു ഗൾഫിൽ നിന്നെത്തിയ ഇയാൾ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ആരോഗ്യ പ്രവർത്തകരും ജനപ്രതിനിധിയും ചേർന്ന് ജനറൽ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നാണ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. നെടുമങ്ങാട്ടെ സ്വകാര്യ ഹാർഡ്‌വെയർ ഷോപ്പിലെ ജീവനക്കാരനായിരുന്ന താഹ മൂന്ന് വർഷം മുമ്പാണ് ഗൾഫിൽ പോയത്. കൊവിഡ് വ്യാപനത്തെ തുടർന്ന് ജോലി നഷ്ടമായതോടെയാണ് തിരിച്ചെത്തിയത്. ജോലി നഷ്ടപ്പെട്ടതിന്റെ മാനസിക സംഘർഷം ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.
ഭാര്യ: മുബഷിറ. മകൾ: മിൻഹ (ഒന്നര വയസ്). പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് കരകുളം മുസ്ലിം ജമാഅത്തിൽ കബറടക്കും. കൊവിഡ് പരിശോധനയ്ക്കായി സ്രവം ശേഖരിച്ചിട്ടുണ്ട്.