consulate

തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റിലെ കോൺസുൽ ജനറലിന്റെ സുരക്ഷയ്ക്കായി പൊലീസിനെ നിയോഗിച്ച് ഉത്തരവിറക്കിയ ഡി.ജി.പി ലോക്നാഥ് ബെഹ്റ കുരുക്കിൽ.

എംബസികളുടെയും കോൺസുലേറ്റുകളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷ നൽകുന്നത് കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് . വിദേശകാര്യ മന്ത്രാലയത്തിന്റെയും സംസ്ഥാന ആഭ്യന്തരവകുപ്പിന്റെയും അനുമതിയോടെയേ വ്യക്തിപരമായ സുരക്ഷ പോലും ഒരുക്കാൻ സംസ്ഥാന പൊലീസിനു കഴിയൂ. ‌കോൺസുലേറ്റിന്റെ കത്ത് മാത്രം പരിഗണിച്ച് ഗൺമാനെ അനുവദിച്ച് ഡി.ജി.പി സ്വന്തം നിലയിൽ ഉത്തരവിറക്കുകയായിരുന്നു. ഗൺമാൻ ജയഘോഷിന്റെ ആത്മഹത്യാശ്രമത്തോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്. കേന്ദ്രസർക്കാർ ഇതേക്കുറിച്ച് അന്വേഷിക്കും.

* നയതന്ത്ര ഓഫീസുകൾക്കു സുരക്ഷാ ഭീഷണിയുണ്ടെങ്കിലോ, സുരക്ഷ ആവശ്യപ്പെട്ട് കത്തു നൽകിയാലോ സംസ്ഥാന സർക്കാർ വഴി വിദേശകാര്യ മന്ത്റാലയത്തെ പൊലീസ് അറിയിക്കണം.

* കോൺസുലേ​റ്റിനു പുറത്തു സുരക്ഷയൊരുക്കാനാണു സംസ്ഥാന പൊലീസിന് അനുമതി. വിദേശ നയതന്ത്ര പ്രതിനിധികളുമായി, സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് നേരിട്ട് ആശയവിനിമയത്തിനും വിലക്കുണ്ട്.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെ സസ്പെൻഡ് ചെയ്തത് നയതന്ത്ര ഉദ്യോഗസ്ഥരുമായി പരിധി വിട്ട അടുപ്പവും പരിഗണിച്ചായിരുന്നു.

* സുരക്ഷാ ഭീഷണിയുള്ള ഡൽഹിയിലെ എംബസികൾക്ക് ഡൽഹി പൊലീസ് പുറത്ത് സുരക്ഷ ഒരുക്കാറുണ്ടെങ്കിലും എംബസിക്കകത്തെ സുരക്ഷ അതത് രാജ്യങ്ങളിലെ സുരക്ഷാ സേനകൾക്കാണ്. *എംബസികൾ ഔദ്യോഗിക പരിസരത്തിന് പുറത്ത് സ്വന്തം നിലയ്ക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ ആവശ്യപ്പെടുന്നത് വിദേശകാര്യ വകുപ്പ് വിലക്കിയിട്ടുണ്ട്.

*2017 ജൂൺ 27നാണ് ജയഘോഷിനെ കോൺസുൽ ജനറലിന്റെ ഗൺമാനായി നിയമിച്ചത്. ഒരു വർഷത്തെ കാലാവധി നീട്ടിനൽകി. 2019 ഡിസംബറിൽ കോൺസുൽ ജനറൽ വീണ്ടും കത്തുനൽകിയതോടെ,കഴിഞ്ഞ ജനുവരി എട്ടിന് ഡിജിപി കാലാവധി നീട്ടി ഉത്തരവിറക്കി.നയതന്ത്ര പ്രതിനിധി വിദേശകാര്യ മന്ത്രാലയം വഴിയല്ലാതെ സംസ്ഥാന പൊലീസ് മേധാവിക്ക് നേരിട്ട് കത്തയക്കാനും പാടില്ല.

* വിദേശരാജ്യം നമ്മുടെ എംബസിക്ക് നൽകുന്ന സുരക്ഷയാണ് ഇവിടെയും തിരികെ നൽകുക. പാക് ഭീഷണിയുണ്ടെന്ന് കേന്ദ്രം അറിയിച്ചിട്ടും യു.എ.ഇയിലെ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് അവിടെ സുരക്ഷ നൽകുന്നില്ല. തിരിച്ചും അങ്ങനെ മതിയെന്നാണ് കേന്ദ്രനിലപാട്

"പൊലീസുകാരനെ ഗൺമാനാക്കിയ ഉത്തരവിനു പിന്നിൽ ഡി.ജി.പിയുടെ പ്രത്യേക താത്പര്യമാണ്. കള്ളക്കടത്തിന് സൗകര്യമൊരുക്കാനാണോ പൊലീസ് സംരക്ഷണം അനുവദിച്ചതെന്ന് സംശയിക്കണം. ."

-വി.ടി ബൽറാം

എം.എൽ.എ