sarathchandrababu
Sarathchandrababu

വർക്കല: കൊവിഡ് പരിശോധനാഫലം വൈകുന്നതിനാൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം മൂന്ന് ദിവസമായി മെഡിക്കൽകോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ. ഇയാളുടെ ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബവും വീട്ടിൽ നിരീക്ഷണത്തിലാണ്. വർക്കല ചിലക്കൂർ ഇളമ്പന ക്ഷേത്രത്തിനു സമീപം ബാബുഭവനിൽ (കൊല്ലക്കുടി) വി. ശരത്ചന്ദ്രബാബുവിന്റെ (71) മൃതദേഹമാണ് മോർച്ചറിയിലുള്ളത്. രണ്ട് വാഹനാപകടങ്ങളാണ് ഈ കുടുംബത്തെ തളർത്തിയത്. ശരത് ബാബുവിന്റെ മൂത്തമകൻ ശരൺബാബുവിനാണ് ആദ്യത്തെ വാഹനാപകടമുണ്ടായത്. മേയ് 9ന് ബൈക്ക് യാത്രയ്‌ക്കിടെ കവലയൂരിനും മണനാക്കിനുമിടയിൽ ശരൺബാബുവിന്റെ ബൈക്കും മറ്രൊരു ബൈക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായി. ഗുരുതരമായി പരിക്കേറ്റ ശരൺബാബുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയും ശസ്ത്രക്രിയയും കഴിഞ്ഞ് വീട്ടിലെത്തിയ മകനെ ജൂലായ് 4ന് വീണ്ടും ചെക്കപ്പിനായി കൊണ്ടുപോയി. വീണ്ടും ശസ്ത്രക്രിയ നിർദ്ദേശിച്ച് ശരണിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്‌തു. വീട്ടിലെത്തിയ ശേഷം ആശുപത്രിയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുമെടുത്ത് വൈകിട്ട് ശരത്ചന്ദ്രബാബു ബൈക്കിൽ പോകുമ്പോൾ കോരാണിക്കു സമീപം ബൈക്കും ടെമ്പോലോറിയുമായി കൂട്ടിയിടിച്ചു. തലയ്‌ക്കും കഴുത്തെല്ലിനും വാരിയെല്ലിനും ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിൽ കിടന്ന ബാബുവിനെ നാട്ടുകാരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. ചികിത്സയിൽ ക്രമേണ സുഖം പ്രാപിച്ചുവരുന്നതിനിടെ ബാബുവിനെ അഡ്മിറ്റു ചെയ്‌തിരുന്ന സർജിക്കൽ വാ‌ർഡിലെ രണ്ട് ഹൗസ് സർജന്മാർക്കും മൂന്ന് സീനിയർ ഡോക്ടർമാർക്കും കൊവിഡ് സ്ഥിരീകരിച്ചു. വാർഡിലെ ജീവനക്കാർ നിരീക്ഷണത്തിലായ ശേഷം ശരത്ചന്ദ്രബാബുവിന് വേണ്ടത്ര ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ പറയുന്നു. ആരോഗ്യസ്ഥിതി മോശമായതിന് പിന്നാലെ 16ന് രാത്രി 8.30നാണ് ബാബു മരിച്ചത്. പരിശോധന നടത്തിയശേഷം മാത്രമേ മൃതദേഹം വിട്ടു നൽകു എന്ന് ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്നാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയത്. ഭാര്യ ശോഭനയും ഇളയമകൻ കിരൺബാബുവുമായിരുന്നു ആശുപത്രിയിലെ കൂട്ടിരിപ്പുകാർ. അതിനാൽ ഇവർ നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശിക്കുകയും ചെയ്‌തു. മൂത്തമകൻ ശരൺബാബു ഇതിനകം ചികിത്സ കഴിഞ്ഞ് ഒരു ബന്ധുവീട്ടിൽ ക്വാറന്റൈനിലാണ്. മൃതദേഹം വിട്ടുകിട്ടാനുള്ള കാത്തിരിപ്പിലാണ് കുടുംബം.