-election-

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഒക്ടോബറിൽ നടത്താനിരിക്കുന്ന തിരഞ്ഞടുപ്പിന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പുതിയ ചട്ടം രൂപപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ.

കോവിഡ് ബാധിച്ചവരെയും നിരീക്ഷണത്തിലുള്ളവരെയും 65 കഴിഞ്ഞവരേയും തപാൽ വോട്ടിന്റെ പരിധിയിൽപ്പെടുത്താനാണ് ആലോചന. അടുത്ത ബന്ധുക്കളെക്കൊണ്ട് വോട്ട് ചെയ്യിക്കാവുന്ന പ്രോക്സി സമ്പ്രദായവും പരിഗണനയിലുണ്ട്. ഇതു സംബന്ധിച്ച ശുപാർശ അടുത്ത മാസം കമ്മിഷൻ സർക്കാരിന് കൈമാറും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ മാറ്റം വരുത്താൻ ഓർഡിനൻസ് ഇറക്കേണ്ടി വരും.

വോട്ടെടുപ്പിന് കോവിഡ് പ്രോട്ടോക്കോൾ നിശ്ചയിക്കാൻ ആരോഗ്യവിദഗ്ധരുമായി അടുത്തമാസം കമ്മിഷൻ ചർച്ച നടത്തും. നവംബർ 12നകം തദ്ദേശസ്ഥാപനങ്ങളിൽ പുതിയ ഭരണസമിതികൾ ചുമതലയേൽക്കേണ്ടതുണ്ട്.

പോളിംഗ് സമയം ഒരു മണിക്കൂർ നീട്ടുന്നതും പരിഗണനയിലാണ്.

പ്രോക്സി വോട്ട്

വോട്ടറുടെ ഭാര്യ, ഭർത്താവ്, മക്കൾ, സഹോദരങ്ങൾ തുടങ്ങി അടുത്ത ബന്ധുക്കളെയാണ് പ്രോക്സി വോട്ടിന് പരിഗണിക്കുക. വോട്ടർ ചുമതലപ്പെടുത്തുന്നയാൾക്ക് ഫോട്ടോ പതിച്ച് സാക്ഷ്യപ്പെടുത്തിയ അധികാരപത്രം നൽകണം. ഇതിന്റെ മാതൃക കമ്മിഷൻ തയ്യാറാക്കി നൽകും. പോളിംഗ് ഉദ്യോഗസ്ഥർക്കും തപാൽ വോട്ടിനൊപ്പം പ്രോക്സി വോട്ട് പരിഗണിക്കുന്നുണ്ട്.

ചവറ,​ കുട്ടനാട് ഉപതിരഞ്ഞെടുപ്പ്

ഉപേക്ഷിച്ചേക്കും

കുട്ടനാട്, ചവറ നിയമസഭാ മണ്ഡലങ്ങളിൽ ഉപ തിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് എളുപ്പമല്ലെന്നതും, നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒരു വർഷത്തിൽ താഴെയെയുള്ളൂ എന്നതും കണക്കിലെടുത്താണിത്..ഉപതിരഞ്ഞെടുപ്പ് നടത്തണമെങ്കിൽ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച്, ഒരു ബൂത്തിൽ പരമാവധി 1000 വോട്ടർമാരെന്ന് നിശ്ചയിക്കേണ്ടി വരും..