നെടുമങ്ങാട്: കാർഷികോത്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ ആരംഭിച്ച നെടുമങ്ങാട് കാർഷിക മൊത്തവ്യാപാര വിപണിയിൽ (വേൾഡ് മാർക്കറ്റ്) കൊവിഡ് കാലത്തും കർഷകരുടെ വിലാപവും കണ്ണീരും ഒഴിയുന്നില്ല. ഉത്പന്നങ്ങൾ ഏറ്റെടുക്കാൻ മാർക്കറ്റ് അധികൃതർ വിമുഖത കാട്ടുന്നത് നൂറുകണക്കിന് കർഷകരുടെ വയറ്റത്തടിക്കുന്ന നടപടിയായി മാറി. മുൻപ് ഏറ്റെടുത്ത ഉത്പന്നങ്ങളുടെ വില കർഷകരുടെ അക്കൗണ്ടിലെത്തിക്കുന്നതിലും തികഞ്ഞ അനാസ്ഥയാണ് കാട്ടുന്നതെന്ന് പരാതിയുണ്ട്. വിവിധ കാലയളവുകളിലായി ഒരു കോടിയോളം രൂപയാണ് കർഷകർക്ക് ലഭിക്കാനുള്ളത്. കുടിശിക തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ മുട്ടാത്ത വാതിലുകളില്ല. പ്രതിഫലം ചോദിച്ച് പ്രതിഷേധിച്ച കർഷകരിൽ നിന്ന് ട്രിപ്പിൾ ലോക്ക് ഡൗൺ ദുരിത കാലത്ത് ഉത്പന്നങ്ങൾ ശേഖരിക്കാതെ പ്രതികാര നടപടി സ്വീകരിച്ചത് വിവാദമായിരുന്നു. കർഷസംഘം പ്രവർത്തകരുടെ നേതൃത്വത്തിൽ ജില്ലാ കളക്ടറെയും കൃഷി ഡയറക്ടറെയും നേരിൽക്കണ്ട് പരാതി ബോധിപ്പിച്ചിരുന്നു. പഴയ ലേല പ്രതിഫലം ഇനിയും വിതരണം ചെയ്യാത്തതിനെ ചൊല്ലിയുള്ള കർഷക പ്രതിഷേധത്തെ തുടർന്ന് വിപണിയിൽ കാർഷികോത്പന്നങ്ങളുടെ ലേലം മുടങ്ങുന്നത് ഇപ്പോൾ പതിവാണ്. അമ്പതിനായിരം രൂപ മുതൽ പത്ത് ലക്ഷം രൂപ വരെ ലഭിക്കേണ്ട കർഷകരുണ്ട്. മോണിറ്ററിംഗ് സമിതിയിൽ കർഷക പ്രതിനിധികളെ ഉൾപ്പെടുത്താൻ കൂട്ടാക്കാത്തതും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കാർഷിക വിപണി വളപ്പിൽ ധർണ നടത്തിയും നിരാഹാരം അനുഷ്ഠിച്ചും പ്രതിഷേധം അറിയിച്ചിട്ടും കർഷകരുടെ നീറുന്ന ജീവൽ പ്രശ്‌നത്തിനു നേരെ ബന്ധപ്പെട്ടവർ കണ്ണടയ്ക്കുകയാണെന്ന് ആക്ഷേപമുണ്ട്.
ഇരുട്ടടിയായി ഇറക്കുകൂലി
വേൾഡ് മാർക്കറ്റിൽ സ്ഥിരമായി ഉത്പന്നങ്ങൾ കൊണ്ടു വരുന്ന ഇരുന്നൂറോളം പേരുണ്ട്. ഒരാഴ്ച മൂന്ന് തവണ ലേലം നടക്കാറുണ്ട്. രണ്ടാഴ്ചയിൽ ഒരിക്കൽ പ്രതിഫലം പൂർണമായി നൽകണമെന്നാണ് വ്യവസ്ഥ. ലേലം പിടിച്ച ഉത്പന്നങ്ങളുടെ വില സർക്കാർ നൽകാത്തതിനാലാണ് കർഷകർക്ക് പ്രതിഫലം നൽകാൻ കഴിയാത്തതിന് കാരണമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഈയിടെ, മാർക്കറ്റിലെത്തിക്കുന്ന വിളകൾക്ക് ഇറക്ക് കൂലി ഏർപ്പെടുത്തിയും മാർക്കറ്റ് അധികാരികൾ കർഷകർക്ക് ഇരുട്ടടി സമ്മാനിച്ചു.
കുടിശിക തുക അനുവദിക്കുന്നില്ലെന്ന് പരാതി
വിപണി പ്രവർത്തിക്കുന്നത് കൃഷിവകുപ്പിനു കീഴിൽ
മേൽനോട്ട ചുമതല ജില്ലാ കളക്ടർക്ക്
ഉത്പന്നങ്ങൾ എത്തിക്കുന്നത് 1200 ഓളം കർഷകർ
പത്ത് ലക്ഷം രൂപ വരെ ലഭിക്കേണ്ട കർഷകരുമുണ്ട്
പ്രതികരണം
കഷ്ടപ്പെട്ടും കടക്കെണിയെ അതിജീവിച്ചും കാർഷികോത്പന്നങ്ങൾ മുടങ്ങാതെ മാർക്കറ്റിൽ എത്തിക്കുന്നവരോട് ബന്ധപ്പെട്ടവർ കാട്ടുന്ന നിഷേധാത്മക സമീപനം പ്രതിഷേധാർഹമാണ്. ഇതിനെതിരായ സമരം ശക്തമാക്കും.
ആർ. മധു (കർഷകസംഘം ഏരിയാ സെക്രട്ടറി)
കർഷകരോടുള്ള മനുഷ്യത്വരഹിതമായ സമീപനം അവസാനിപ്പിക്കണം. ഉത്പന്നങ്ങൾ സംഭരിക്കാനും കേടുകൂടാതെ സൂക്ഷിക്കാനും മാർക്കറ്റിൽ സൗകര്യമുണ്ട്.
ആനാട് ജയൻ (ജില്ലാ പഞ്ചായത്തംഗം)