ramesh-chennithala

തിരുവനന്തപുരം: സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഐ.ടി സെക്രട്ടറിയും ഐ.ടി ഫെലോയും ചേർന്ന് കള്ളക്കടത്തിന് ഒത്താശ

ചെയ്തെന്നാണ് പുറത്തു വരുന്ന വിവരം. നാല് വർഷമായി ഐ.ടി സെക്രട്ടറിയായിരുന്ന വ്യക്തിയെയും, രണ്ടു വർഷമായി ഐ.ടി ഫെലോയായിരുന്ന വ്യക്തിയെയും കുറിച്ചും മുഖ്യമന്ത്രിക്ക് ഒന്നുമറിയില്ലെന്നു പറയുന്നത് ജനങ്ങളെ കബളിപ്പിക്കലാണ്.

സർക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഈ സർക്കാരിന് ഒരിക്കലും പ്രതിച്ഛായയുണ്ടായിരുന്നില്ല. പി.ആർ വർക്കിലൂടെ അന്താരാഷ്ട്ര മാധ്യമങ്ങളിൽ എഴുതിയാലൊന്നും പ്രതിച്ഛായയുണ്ടാവില്ല. ജനക്ഷേമ പ്രവർത്തനങ്ങളിലൂടെയാണ് പ്രതിച്ഛായയുണ്ടാകേണ്ടത്. അങ്ങനെയുള്ള പ്രവർത്തനങ്ങൾ കഴിഞ്ഞ നാല്വർഷത്തിനിടയിൽ ഉണ്ടായിട്ടില്ല. ഇല്ലാത്ത പ്രതിച്ഛായ എങ്ങനെ നഷ്ടപ്പെടും?..

കേരളത്തിൽ ഇപ്പോൾ കൺസൽട്ടൻസി രാജാണ് . യു.ഡി.എഫോ കോൺഗ്രസോ കൺസൽട്ടൻസികൾ നൽകുന്നതിന് എതിരല്ല. വലിയ പദ്ധതികൾക്ക് അതാവശ്യമായി വരാം. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് അങ്ങനെയുണ്ടായിട്ടില്ല. ഇപ്പോൾ, തൊട്ടതിനും പിടിച്ചതിനുമെല്ലാം കൺസൽട്ടൻസിയാണ്. കെ.പി.എം.ജി, പി.ഡബ്ല്യു.സി, ഏണസ്റ്റ് ആൻഡ് യങ് എന്നിവയ്ക്ക് പിന്നാലെ , സ്പ്രിൻക്ലറും. ബഹുരാഷ്ട്ര കുത്തക കമ്പനികൾക്കെതിരായ നയമാണ് കമ്യൂണിസ്റ്റ് പാർട്ടികൾ കാലങ്ങളായി സ്വീകരിക്കുന്നത്. ആ പാർട്ടിയുടെ മുഖ്യമന്ത്രി ഇവിടം ഭരിക്കുമ്പോൾ കൺസൽട്ടൻസികൾക്കായി വഴിവിട്ട സഹായം ചെയ്യുന്നു.

സർക്കാരിന്റെ വീഴ്ച കാരണം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവതാളത്തിലാവുകയും രോഗികളുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുന്നു.വാചകമടിക്കപ്പുറം പ്രായോഗിക തലത്തിൽ ഒരു കാര്യവും നടക്കുന്നില്ല. സമൂഹ വ്യാപനം സ്ഥീരികരിച്ച സാഹചര്യത്തിൽ , പ്രതിരോധത്തിലെ പാളിച്ചകൾ മനസ്സിലാക്കി ഇനിയെങ്കിലും തിരുത്തൽ പ്രക്രിയ ആരംഭിക്കണമെന്ന് ചെന്നിത്തല പറഞ്ഞു.