kidney

തിരുവനന്തപുരം: ജില്ലയിലെ എല്ലാ ഡയാലിസിസ് രോഗികൾക്കും സൗജന്യ ഡയാലിസിസിനായ് ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ച ആശ്വാസ് പദ്ധതിക്ക് അടുത്ത മാസം തുടക്കമാകും. 73 ഗ്രാമപഞ്ചായത്തുകളിലായി നിലവിൽ ഡയാലിസിസ് നടത്തിക്കൊണ്ടിരിക്കുന്ന രോഗികൾക്കും വേണ്ടിയാണ് ഈ പദ്ധതി. 1177 പേരാണ് വിവിധ ആശുപത്രികളിലായി ഡയാലിസിസ് നടത്തിവരുന്നത്. ലിവർ, കിഡ്‌നി ട്രാൻസ്‌പ്ളാന്റേഷൻ നടത്തിയവർ 200 പേരാണ്. ഇവർക്കുള്ള മരുന്നുകൾ ജില്ലാ പഞ്ചായത്തിന്റെ സ്‌നേഹം മെഡിക്കൽസ് വഴി വിതരണം ചെയ്യും. ഇപ്പോൾ ഡയാലിസിസ് നടത്തിക്കൊണ്ടിരിക്കുന്ന 21 ആശുപത്രികളിൽ ഇവർക്ക് ഡയാലിസിസ് തുടരാം. 16 സ്വകാര്യ ആശുപത്രകളും 5 സർക്കാർ ആശുപത്രികളാണ് ഈ പദ്ധതിക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. ആശുപത്രി അധികാരികളുമായി ജില്ലാ പഞ്ചായത്ത് ചർച്ച നടത്തി ധാരണാപത്രം തയ്യാറാക്കി. ഇതിനായി ആവശ്യമായ തുക ആശുപത്രികൾക്ക് കൈമാറിയിട്ടുണ്ട്. രോഗികൾക്ക് ജില്ലാ പഞ്ചായത്ത് ചികിത്സാകാർഡുകൾ നൽകും. സർക്കാർ ജീവനക്കാർ ഒഴികെയുള്ള എല്ലാവരും ഈ ആനുകൂല്യത്തിന് അർഹരാണ്.
1ന് ഈ പദ്ധതി ആരംഭിക്കും. 2020-21 വർഷത്തേക്ക് വേണ്ടി 3 കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് ബഡ്ജറ്റിൽ വകയിരുത്തിരിക്കുന്നത്. ഡയാലിസിസിന് വൻതുക ചെലവാക്കുന്ന സാധാരണക്കാർക്ക് ഈ പദ്ധതി ഏറെ ആശ്വാസകരമാകുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു പറഞ്ഞു. രോഗികൾക്ക് ജില്ലാ പഞ്ചായത്ത് നൽകുന്ന ചികിത്സാകാർഡിന്റെ വിതരണോദ്ഘാടനം അടുത്ത ആഴ്ച് മന്ത്രി കെ.കെ. ശൈലജ നിർവഹിക്കും.