തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 12,478 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ച 821 പേരിൽ 629 പേരും സമ്പർക്ക രോഗികളാണെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
43 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. പ്രതിദിന രോഗികളുടെ എണ്ണം 800 കടക്കുന്നതും ആദ്യമാണ്.
ഇന്നലെ രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. കണ്ണൂരിൽ കൊവിഡ് ചികിത്സയിലായിരുന്ന കാസർകോട് ഉപ്പള സ്വദേശി നഫീസ (75), എറണാകുളം ആലുവ സ്വദേശി കുഞ്ഞുവീരൻ (67) എന്നിവരാണ് മരിച്ചത്. ഇതോടെ ആകെ മരണം 42 ആയി. സമൂഹവ്യാപനം സ്ഥിരീകരിച്ച തലസ്ഥാനത്ത് ഇന്നലെ രോഗബാധിതരായ 222ൽ 203 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്.
എറണാകുളത്ത് 84, പാലക്കാട് 70, കൊല്ലം 61, കാസർകോട് 48, ആലപ്പുഴ 34, ഇടുക്കി 28, തൃശൂർ 27, കോഴിക്കോട് 26, പത്തനംതിട്ട 24, കോട്ടയം 12, മലപ്പുറം 10, കണ്ണൂർ 2 എന്നിങ്ങനെയാണ് സമ്പർക്ക രോഗികൾ.
ഇന്നലെ രോഗം സ്ഥിരീകരിച്ച മറ്റുള്ളവരിൽ 110 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 69 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 13 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 172 പേർ രോഗമുക്തരായി.
ചികിത്സയിലുള്ളവർ 7063
രോഗമുക്തർ 5373