swapna

തിരുവനന്തപുരം: എയർഇന്ത്യയിലെ ഉദ്യോഗസ്ഥനതിരെ വ്യാജപീഡന പരാതി നൽകുകയും പരാതിക്കാരിയെ ആൾമാറാട്ടം നടത്തി ഹാജരാക്കുകയും ചെയ്ത കേസിൽ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിനെ രണ്ടാം പ്രതിയാക്കി ക്രൈംബ്രാഞ്ച് തിരുവനന്തപുരം അഡീഷണൽ ജുഡീഷ്യൽ മജിസ്‌ട്രേ​റ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. എയർഇന്ത്യ സാ​റ്റ്സ് മുൻ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബിനെ നേരത്തേ ഒന്നാം പ്രതിയാക്കിയിരുന്നു. രണ്ടുവർഷം മുൻപ് തെളിവുസഹിതം ക്രൈംബ്രാഞ്ച് കുടുക്കിയപ്പോൾ, അന്വേഷണ സംഘത്തെ തെറിപ്പിച്ച് സ്വപ്നയെ രക്ഷിക്കാൻ പൊലീസിലെ ഉന്നതർ രംഗത്തെത്തിയത് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

തിരുവനന്തപുരം എയർപോർട്ടിൽ എച്ച്.ആർ വിഭാഗത്തിലായിരുന്നപ്പോൾ തന്റെ കണ്ണിലെ കരടായ എയർഇന്ത്യ സാറ്റ്‌സിലെ ടെക്‌നിക്കൽ വിഭാഗത്തിലെ ഉദ്യോഗസ്ഥനെതിരെയാണ് സ്വപ്ന വ്യാജ പീഡനപരാതി കെട്ടിച്ചമച്ചത്. 2015 മാർച്ച് 17നാണ് എയർഇന്ത്യ സാറ്റ്സിലെ 17 പെൺകുട്ടികളുടെ പേരിൽ ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയത്. എയർ ഇന്ത്യയിലെയിലെ ആഭ്യന്തര അച്ചടക്കസമിതി ഉദ്യോഗസ്ഥനെ പുറത്താക്കി. പിന്നീട് അദ്ദേഹം നിരന്തരം നിയമപോരാട്ടം നടത്തിയാണ് സത്യം പുറത്തുകൊണ്ടുവന്നത്. ആൾമാറാട്ടം നടത്തിയാണു സ്വപ്ന വ്യാജപീഡന പരാതി നൽകിയതെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. 17 പരാതിക്കാരിൽ 15പേരും സംഭവത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. ഇതിനിടെ സ്വപ്നയുടെ വിദ്യാഭ്യാസ യോഗ്യത വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഉയർന്ന തസ്തികളിൽ ജോലി സമ്പാദിക്കാൻ സ്വപ്നയെപ്പോലെ ബിനോയ് ജേക്കബും വ്യാജബിരുദ സർട്ടിഫിക്ക​റ്റുകൾ ഉണ്ടാക്കിയതായി സംശയിക്കുന്നുണ്ട്. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും വിവിധ തലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു. സ്വർണക്കടത്തു കേസിൽ എൻ.ഐ.എയും കസ്റ്റംസും ചോദ്യംചെയ്ത ശേഷം സ്വപ്നയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങും. പീഡനപരാതി വ്യാജമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സ്വപ്ന കുടുക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥനെ എയർഇന്ത്യ തിരിച്ചെടുത്തിരുന്നു.