covid-first-line-treatmen

ചിറയിൻകീഴ്:കൊവിഡ് പൊസിറ്റീവായവരെ ചികിത്സിക്കുന്നതിനായി ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ മണ്ഡലത്തിൽ കൂടുതൽ തയ്യാറാക്കുന്നു. ചിറയിൻകീഴിലെ തീരദേശമുൾപ്പെടെയുളള പ്രദേശങ്ങളിൽ കൊവിഡ് വ്യാപനം കൂടുന്നത്തിന്റെ സാഹചര്യത്തിലാണിത്. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ ആരംഭിക്കും. പുതുക്കുറിച്ചി സെന്റ് മൈക്കൾ സ്‌കൂൾ, കഠിനംകുളം കിൻഫ്ര യൂണിറ്റിനുളളിലെ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഹോസ്റ്റൽ, അഞ്ചുതെങ്ങ് പഞ്ചായത്തിൽ നെടുങ്ങണ്ട ശ്രീനാരായണ ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്റർ, സുനാമി റിഹാബിലിറ്റേഷൻ സെന്റർ, നെടുങ്ങണ്ട ഹയർ സെക്കൻഡറി സ്‌കൂൾ, ചിറയിൻകീഴ് ശാർക്കര യു.പി സ്‌കൂൾ, കടയ്ക്കാവൂർ ശ്രീനാരായണ ഹയർസെക്കൻഡറി സ്‌കൂൾ, അഴൂർ പഞ്ചായത്തിൽ കമ്മ്യൂണിറ്റി ഹാൾ, അഴൂ‌ർ ഹൈസ്‌കൂൾ, കിഴുവിലം പഞ്ചായത്തിൽ ഗോകുലം പബ്ലിക് സ്‌കൂൾ, മംഗലപുരം പഞ്ചായത്തിൽ ടെക്‌നോസിറ്റിയ്ക്കുളളിലെ ട്രിപ്പിൾ ഐ.ടി സ്ഥാപനത്തിന്റെ പണി പൂർത്തിയായ ഹോസ്റ്റൽ എന്നിവിടങ്ങളിലാണ് കൊവിഡ് ഫസ്റ്റ് ലെവൽ ട്രീറ്റ്‌മെന്റ് സെന്ററുകൾ ആരംഭിക്കുന്നത്. ഇതിൽ നെടുങ്ങണ്ട ശ്രീനാരായണ ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്റർ അൻപത് പേരെ ചികിത്സിക്കാനുളള സെന്റർ തുടങ്ങി. കൊവിഡ് ചികിത്സയ്ക്കായി തിരഞ്ഞെടുത്ത സ്ഥാപനങ്ങളെ മിനി ഹോസ്പിറ്റലാക്കി മാറ്റിയാണ് ചികിത്സ തുടങ്ങുന്നത്. ഓരോ സെന്ററിലും ഡോക്ടർമാർ, നഴ്‌സ്, പാരമെഡിക്കൽ സ്റ്റാഫ്, ഉൾപ്പെടെ 18-ൽ അധികം പേരുടെ നിയന്ത്രണത്തിലായിരിക്കും. ഇവിടെ പ്രവേശിപ്പിക്കുന്ന രോഗികളുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച് ഗുരുതരമായ ആരോഗ്യപ്രശ്നമുളളവരെ മാത്രമേ വിദഗ്ദ്ധ ചികിത്സയ്ക്ക് ആശുപത്രികളിൽ പ്രവേശിപ്പിക്കൂ. രോഗികളുടെ എണ്ണത്തിൽ വർദ്ധനയുണ്ടെങ്കിൽ കൂടുതൽ സെന്ററുകൾ തുടങ്ങുന്നതിനുള്ള നയപടികൾ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ വി.ശശി അറിയിച്ചു.