തിരുവനന്തപുരം: സമൂഹവ്യാപനം സ്ഥിരീകരിച്ച പുല്ലുവിളയിൽ രോഗബാധിതരുടെ എണ്ണത്തിൽ നേരിയ കുറവുണ്ടായെങ്കിലും പുതിയ മേഖലകളിൽ രോഗികളുണ്ടായത് ആശങ്കവർദ്ധിപ്പിക്കുന്നു. കഴിഞ്ഞ ദിവസം 38 രോഗികളുണ്ടായിരുന്ന പുല്ലുവിളയിൽ ഇന്നലെ 9പേ‌ർക്കാണ് പോസിറ്റീവായത്. അതേസമയം പൂന്തുറയിൽ 25 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ച 29 പേരുണ്ടായിരുന്ന പുതുക്കുറിച്ചിയിൽ 19പേർക്കും പൂവാറിൽ 11 പേർക്കും ഇന്നലെ മാത്രം രോഗ ബാധയുണ്ടായി. അതേസമയം ഇൗ മേഖലകളിൽ ആന്റിജെൻ പരിശോധന കുറവാണെന്ന പരാതിയും ഉയ‌ർന്നിട്ടുണ്ട് ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച മേഖലകൾ പൂർണമായും ലോക്ക് ഡൗണിലാണ്. മേഖലയെ മൂന്ന് സോണുകളായി തിരിച്ചുകൊണ്ടാണ് സർക്കാർ പ്രതിരോധ പ്രവർത്തനം നടത്തുന്നത്. മൂന്നു സോണുകളിലും ഒരു തരത്തിലുള്ള ഇളവുകളും അനുവദിച്ചില്ല. പ്രതിരോധ പ്രവർത്തനങ്ങൾ ഇൻസിഡന്റ് കമാൻഡർ‌‌മാർ ഏകോപിപ്പിച്ചു. ഓരോ കുടുംബത്തിനും സൗജന്യമായി അഞ്ചുകിലോ അരിയും ഒരു കിലോ ധാന്യവും വിതരണം ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും വിതരണം പൂർണതോതിൽ നടന്നില്ലെന്ന് പൂന്തുറ കൗൺസിലർ പീറ്റ‌ർ സോളമൻ പറഞ്ഞു.

പുതിയ സി.എഫ്.എൽ.ടി.സികൾ ആരംഭിക്കും

ഇടവ മുതൽ പെരുമാതുറ വരെയുള്ള സോൺ ഒന്നിലുൾപ്പെടുന്ന പ്രദേശങ്ങളിൽ പുതിയ നാല് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ(സി.എഫ്.എൽ.ടി.സി) ഉടൻ ആരംഭിക്കും. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ നെടുങ്കണ്ട എസ്.എൻ.വി ഹയർ സെക്കൻഡറി സ്‌കൂൾ, എം.എം.എം ഗേൾസ് എൽ.പി സ്‌കൂൾ, കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ ചെക്കാലവിളാകം എസ്.എൻ.വി ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, വക്കം ഗ്രാമപഞ്ചായത്തിലെ ഗവ. ഹൈസ്‌കൂൾ വക്കം എന്നിവിടങ്ങളിലാണ് സി.എഫ്.എൽ.ടി.സികൾ സജ്ജീകരിക്കുന്നത്. രോഗബാധിതരെ മുഴുവൻ എത്രയും വേഗം കണ്ടെത്തി നിരീക്ഷണത്തിൽ ആക്കിയാൽ മാത്രമേ രോഗപകർച്ച തടയാനാകൂ.

.

പരിശോധനയ്ക്ക് കിറ്റില്ലെന്ന്

തീരദേശങ്ങളിലെ കൊവിഡ് ആന്റിജൻ പരിശോധന ആരോഗ്യവകുപ്പ് കുറച്ചെന്ന് പരാതി.ആന്റിജൻ ടെസ്റ്റ് കിറ്റുകൾ ആയിരത്തിനു താഴെ മാത്രമാണുള്ളെന്നാണ് വിശദീകരണം ആന്റിജൻ പരിശോധനയിലൂടെയാണ് ജില്ലയിലെ തീരപ്രദേശങ്ങളിൽ കൂടുതൽ രോഗികൾ ഉള്ളതായി കണ്ടെത്തിയത്.പൂന്തുറയിൽ ഇന്നലെ 30 പേരെ മാത്രമാണ് ആന്റിജൻ പരിശോധന നടത്തിയത്. രോഗബാധിതരെ എത്രയും വേഗം കണ്ടെത്തി നിരീക്ഷണത്തിൽ ആക്കിയാൽ മാത്രമേ രോഗപകർച്ച തടയാനാകൂ. മാത്രമല്ല വീടുകളിൽ കഴിയുന്ന പ്രായമായവർ,അസുഖ ബാധിതരായവർ തുടങ്ങിയ പെട്ടെന്ന് കോവിഡ് ഗുരുതരമാകാൻ സാധ്യതയുളളവരെ മുഴുവൻ പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം. കിറ്റുകൾ ലഭിക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും കിറ്റുകൾ ലഭിച്ചാൽ ഇന്നുതന്നെ പരിശോധനകൾ ആരംഭിക്കുമെന്നും ആരോഗ്യവകുപ്പ് പറയുന്നു.