തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഇന്ത്യയിലെ ചോദ്യം ചെയ്യൽ ഒഴിവാക്കാൻ തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിലെ അഡ‌്‌മിനിസ്ട്രേറ്റീവ് അറ്റാഷെയെ തിരിച്ചുവിളിച്ചെങ്കിലും, അന്വേഷണവുമായി യു.എ.ഇ സഹകരിക്കുന്നതിന്റെ സൂചനയാണ് ഫൈസൽ ഫരീദിന്റെ അറസ്റ്റ്. അറ്റാഷെ രാജ്യം വിട്ടതോടെ, കേസിൽ യു.എ.ഇയുടെ സഹകരണം സംബന്ധിച്ച് ആശങ്കയുയർന്നിരുന്നു.
ഫൈസലിനായി എൻ.ഐ.എ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് രണ്ടു ദിവസത്തിനകം ദുബായ് പൊലീസ് ഇയാളെ പിടികൂടി. യു.എ.ഇയുടെ സഹകരണം ഉറപ്പില്ലാതിരുന്നതിനാൽ, ഇന്റർപോൾ വഴി ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഫൈസൽ ഫരീദ്, പി.ഒ ബോക്സ് 31456, വില്ല നമ്പർ 5, അൽ റാഷിദ, ദുബായ് എന്ന മേൽവിലാസത്തിൽ നിന്നാണ് യു.ഇ.എ കോൺസുലേറ്റിലെ അറ്റാഷെയുടെ പേരിൽ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് കാർഗോ അയച്ചിരുന്നത്. യു.എ.ഇയുടെ ഔദ്യോഗിക ചിഹ്നം, നയതന്ത്ര ബാഗാണെന്നു രേഖപ്പെടുത്തിയ സ്റ്റിക്കർ എന്നിവ പതിച്ചിരുന്നതിനു പുറമെ, ഡിപ്ലോമാറ്റ് ബാഗെന്ന് രേഖപ്പെടുത്തുകയും ചെയ്തു. നയതന്ത്ര പരിരക്ഷ ദുരുപയോഗം ചെയ്തതിലൂടെ പ്രതികൾ യു.എ.ഇയുടെ അന്തസു കെടുത്താൻ ശ്രമിച്ചെന്നു വിലയിരുത്തലിലാണ് യു.എ.ഇ അന്വേഷണം പ്രഖ്യാപിച്ചത്.
സ്റ്റീൽ കുഴലുകൾക്കുള്ളിലും മറ്റുമായി സ്വർണം ഉരുക്കിയൊഴിച്ചതും പിടിക്കപ്പെടാത്ത വിധം പായ്ക്ക് ചെയ്തതുമെല്ലാം ദുബായ് കിസൈസിലെ അടഞ്ഞുകിടക്കുന്ന ഗോഡൗണിലാണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഫൈസൽ ഫരീദിനെപ്പോലെ നിരവധി പേർ യു.എ.ഇയുടെ നയതന്ത്ര ചാനലിൽ സ്വർണം കടത്താൻ പണം മുടക്കിയിട്ടുണ്ട്. കാർഗോ എത്തിയ സ്കൈ കാർഗോ, എമിറേറ്റ്സ് എയർലൈൻ, ദുബായ് വിമാനത്താവള ഉദ്യോഗസ്ഥർ എന്നിവയുടെ പങ്കും അന്വേഷിക്കും.
അന്വേഷണം
രണ്ടു വഴി
* വ്യാജരേഖകൾ ഉപയോഗിച്ചുള്ള സ്വർണക്കടത്തിലൂടെ നയതന്ത്ര സംവിധാനത്തിന് അവമതിപ്പുണ്ടായത് യു.എ.ഇ അന്വേഷിക്കുന്നു. നയതന്ത്ര ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ച് അന്വേഷണമില്ല.
* ന്യൂഡൽഹിയിലെ യു.എ.ഇ എംബസിയും അന്വേഷണത്തിൽ. നയതന്ത്ര ഉദ്യോഗസ്ഥർക്ക് സ്വർണക്കടത്തിൽ പങ്കില്ലെന്നും കോൺസുലേറ്റിനെ പ്രതികൾ ദുരുപയോഗം ചെയ്തെന്നുമാണ് സ്ഥാനപതി പറയുന്നത്.