ആലപ്പുഴ:വേമ്പനാട്ട് കായലിൽ മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് കാണാതായ ആര്യാട് ചാരംപറമ്പ് ക്ഷേത്രത്തിന് സമീപം ചിറയിൽ മനോഹരന്റെ മകൻ സുജിത്തിന്റെ (38) മൃതദേഹം ഇന്നലെ കണ്ടെടുത്തു.
ശനിയാഴ്ച രാത്രി ഏഴരയോടെയാണ് അപകടം. സഹോദരി രേഖയുടെ ഭർത്താവ് തിലക് രാജിനൊപ്പമാണ് സുജിത്ത് മത്സ്യബന്ധനത്തിന് പോയത്. ആര്യാട് പള്ളിജെട്ടിക്ക് കിഴക്ക് ഭാഗത്ത് വലയിടുമ്പോൾ ശക്തമായ കാറ്റിൽ പെട്ട് വള്ളം മറിയുകയായിരുന്നു. ഇരുവരും നീന്തി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇടയ്ക്ക് സുജിത്ത് അവശനായി. സുജിത്തിനെ രക്ഷപ്പെടുത്താൻ തിലക് രാജ് ശ്രമിച്ചെങ്കിലും ശക്തമായ കാറ്റും വലിയ ഓളങ്ങളും കാരണം സാധിച്ചില്ല.കായലിലെ കുറ്റിയിൽ പിടിച്ചു കിടക്കാൻ പറഞ്ഞിട്ട് തിലക് രാജ് കരയ്ക്ക് നീന്തിയെത്തി.സമീപവാസികളെയും കൂട്ടി വള്ളങ്ങളിൽ രക്ഷപ്പെടുത്താൻ ചെന്നെങ്കിലും സുജിത്തിനെ കാണാനായില്ല. ഇന്നലെ പുലർച്ചെ മുതൽ മത്സ്യത്തൊഴിലാളികളും പ്രദേശവാസികളും ഫയർഫോഴ്സും ചേർന്ന് തെരച്ചിൽ തുടങ്ങി. സായി കേന്ദ്രത്തിന് വടക്കു ഭാഗത്തു നിന്ന് ആദ്യം വള്ളവും വലയും കണ്ടെത്തി. ഉച്ചയോടെ ഇതിന് സമീപത്തുനിന്ന് സുജിത്തിന്റെ മൃതദേഹം കണ്ടെടുത്തു. മാതാവ്:സുജാത. ഭാര്യ:സംഗീത. മക്കൾ:യദുകൃഷ്ണൻ,ഗൗരികൃഷ്ണ.