പേരൂർക്കട: പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വട്ടിയൂർക്കാവ് സ്റ്റേഷനിലെ സി.ഐ അടക്കം 5 പേർ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റെെനിൽ പ്രവേശിച്ചു. കഴിഞ്ഞദിവസമാണ് സ്റ്റേഷനിലെ ക്രൈം വിംഗിലെ സിവിൽ പൊലീസ് ഓഫീസർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാൾ നെടുമങ്ങാട് സ്വദേശിയാണ്. കഠിനമായ തൊണ്ടവേദനയെ തുടർന്ന് ജൂലായ് 13നാണ് പൊലീസുകാരന്റെ സ്രവം പരിശോധനയ്ക്ക് എടുത്തതെങ്കിലും ഫലം വന്നത് ശനിയാഴ്ച രാത്രിയോടെയാണ്. ജൂലായ് 13നുശേഷം പൊലീസുകാരൻ ഡ്യൂട്ടിക്കെത്തിയിട്ടില്ല എന്നാണ് വിവരം. അണുനശീകരണം നടത്തിയ സ്റ്റേഷന്റെ പ്രവർത്തനം തുടരുമെന്ന് സി.ഐ അറിയിച്ചു.