തിരുവനന്തപുരം: വീട്ടിൽ പ്രത്യേകം ശ്രദ്ധ ലഭിച്ചിരുന്ന മാനസിക വെല്ലിവിളി നേരിടുന്ന കൗമാരക്കാരൻ രോഗം വന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ആകെ പരിഭ്രാന്തനാണ്,​ വീൽ ചെയറുപോലും ലഭിക്കാതെയായതോടെ വൃദ്ധൻ തറയിലിരുന്ന് ഇഴ‌ഞ്ഞാണ് ടോയ്‌ലെറ്റിൽ പോകുന്നത്. ആകെ ദയനീയമാണ് മെഡിക്കൽ കോളേജ് ആശുപത്രി കൊവിഡ് വാർഡിലെ സ്ഥിതി. മാനസിക വെല്ലുവിളി നേരിടുന്ന കൗമാരക്കാരനും പരസഹായമില്ലാതെ എഴുന്നേൽക്കാൻ പോലും കഴിയാത്ത വൃദ്ധനും കൊവിഡ് കേന്ദ്രത്തിലെ മനമുരുകുന്ന കാഴ്ചയാണ്. വാ‌ർ‌ഡിന്റെ ഒരു വശത്ത് പുരുഷന്മാരെയും മറുവശത്ത് സ്ത്രീകളെയുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന കൗമാരക്കാരൻ ബഹളംവച്ചതിനെ തുടർന്ന് കട്ടിലിൽ കെട്ടിയിട്ടു. ടോയ്ലെറ്റിൽ പോകാനും ഭക്ഷണം കഴിക്കാനുമായി കെട്ടഴിക്കും. കുറച്ചുനേരം ശാന്തനായിരുന്ന ശേഷം ബഹളംവയ്ക്കുമ്പോൾ ഡ്യൂട്ടിയിലുള്ള നഴ്സു‌മാർ ഏറെ പാടുപെട്ട് പിടിച്ചുകൊണ്ട് കിടത്തിയാണ് കൈകാലുകൾ കെട്ടുന്നത്.

അനുനയിപ്പിച്ചാണ് മരുന്ന് കഴിപ്പിക്കുന്നത്. വൃദ്ധനായ രോഗിയുടെ അവസ്ഥ കണ്ട് മറ്റ് ചെറുപ്പക്കാരായ രോഗികൾ അദ്ദേഹത്തെ ടോയ്ലെറ്റിലെത്തിക്കാൻ സഹായിക്കാറുണ്ട്. 60ഓളം കിടക്കകകളുള്ള വാർഡിൽ നാലു വീതം കുളിമുറിയും ടോയ്ലെറ്റുകളുമാണുള്ളത്. ഡോക്ടറുടെ സേവനം രാവിലെയാണ് ലഭിക്കുന്നത്. പിന്നെ എന്തിനും രോഗികൾ ആശ്രയിക്കുന്നത് നഴ്സുമാരെയാണ്. പി.പി.ഇ കിറ്റും ധരിച്ച് കൂടെയുള്ള നഴ്സുമാരെക്കുറിച്ചു മാത്രം ആർക്കും പരാതിയില്ല. ഇടയ്‌ക്കിടയ്ക്ക് ചൂടുവെള്ളം കുടിക്കാൻ കിട്ടുന്നില്ലെന്ന് പരാതിയുണ്ട്. ആവി പിടിക്കാനുള്ള സൗകര്യമില്ല. ആഹാരം കഴിക്കുമ്പോൾ കൊവിഡ് രോഗികൾക്ക് മിക്കവർക്കും രുചി തോന്നാറില്ല. നല്ല ആഹാരം കിട്ടുന്നില്ലെന്നും രോഗികൾക്ക് പരാതിയുണ്ട്. കഴിഞ്ഞ ദിവസം രാത്രി ചപ്പാത്തിയും ഉള്ളിക്കറിയുമാണ് നൽകിയത്. നല്ല ചപ്പാത്തിയല്ലെന്ന് പറഞ്ഞ് രോഗികളായ സ്‌ത്രീകൾ ബഹളം വച്ചിരുന്നു. രാവിലെ ദോശ അല്ലെങ്കിൽ ഉപ്പുമാവ്,​ ഉച്ചയ്ക്ക് ഊണ്,​ രാത്രി ചപ്പാത്തി ഇതാണ് പൊതുവേയുള്ള മെനു. ചായ കൊണ്ടുവന്നാലും കിട്ടണമെങ്കിൽ ഭാഗ്യം വേണം. ഇന്നലെ ഈ വാർഡിലെ 20 രോഗികളെ കാര്യവട്ടത്തെ കൊവിഡ് സെന്ററിലേക്ക് മാറ്റിയിരുന്നു. മറ്റ് രോഗങ്ങളുള്ളവരെയും കൊവിഡ് മൂർച്ഛിച്ച് ഗുരുതരാവസ്ഥിയിലാകുന്നവരെയും മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക് മാറ്റും. വട്ടപ്പാറയിലും വെള്ളായണിയിലുമുള്ള ഫസ്റ്റ് ലെയർ കൊവിഡ് ചികിത്സാകേന്ദ്രങ്ങളിൽ സമയത്തിന് കുടിവെള്ളം പോലും ലഭിക്കുന്നില്ലെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു.