1

തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രതിസന്ധിയാണെന്ന് ഒരു വിഭാഗം ഗൂഢലക്ഷ്യത്തോടെ വ്യാജപ്രചാരണം നടത്തുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദ് അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ മറ്റുള്ള ആശുപത്രികളെ പോലെ കൊവിഡ് സ്ഥിരീകരിച്ചാൽ മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകർക്കും നിരീക്ഷണത്തിൽ പോകേണ്ടി വരും. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വാർഡിലെ രണ്ട് രോഗികളുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ചികിത്സാ കാലയളവിൽ കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് ഇവരുടെ ഫലം പോസിറ്റീവായത്. അതു കൊണ്ടു തന്നെ അത്രയും ദിവസം ഈ രോഗികളെ പരിചരിച്ച ഡോക്ടർമാരും മറ്റു ജീവനക്കാരും നിരീക്ഷണത്തിൽ പോയി. എന്നാൽ ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. കൊവിഡ് കാലത്ത് വ്യാജ പ്രചാരണങ്ങളിലൂടെ ജനങ്ങളിൽ ഭീതി വിതയ്ക്കാൻ നടത്തുന്ന ശ്രമങ്ങൾ ദൗർഭാഗ്യകരമാണെന്നും സൂപ്രണ്ട് അറിയിച്ചു.