തിരുവനന്തപുരം: ജില്ലയിൽ കൊവിഡ് സാമൂഹ്യവ്യാപനം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച തന്റെ മണ്ഡലത്തിലെ പ്രദേശങ്ങളിൽ (കോർപ്പറേഷൻ, കോട്ടുകാൽ, കരിംകുളം, പൂവാർ, കുളത്തൂർ ഗ്രാമ പഞ്ചായത്തുകളുടെ പരിധിയിൽ) 5000 റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ ലഭ്യമാക്കുമെന്ന് ശശി തരൂർ എം.പി വ്യക്തമാക്കി.
എം.പി ഫണ്ടിൽ നിന്നും നേരത്തെ എസ്.സി.ടി.ഐ.എം.എസ്.ടി ടെസ്റ്റ് കിറ്റുകൾക്കായി മാറ്റി വച്ച തുകയിൽ നിന്നും 25.20 ലക്ഷം രൂപ ചെലവിട്ട് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ വാങ്ങാനുള്ള നിർദേശം ഇന്നലെ കളക്ടർക്ക് നൽകി. ഇന്ത്യയിൽ ഐ.സി.എം.ആർ അംഗീകാരമുള്ള ഏക റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റ് നിർമിക്കുന്നത് സൗത്ത് കൊറിയൻ കമ്പനിയുടെ ഇന്ത്യയിലെ നിർമ്മാണശാലയിലാണ്. ഇന്ത്യയിലെ സൗത്ത് കൊറിയൻ അംബാസഡറോട് എം.പി സംസാരിച്ച് ഇവയുടെ അടിയന്തര ലഭ്യത ഉറപ്പാക്കിട്ടുണ്ട്.