കോട്ടയം: മണർകാട് ക്രൗൺ ക്ലബിലെ ചീട്ടുകളി കളത്തിൽ നിന്ന് 18 ലക്ഷം രൂപ പിടിച്ചെടുത്ത സംഭവത്തിൽ പൊലീസിനെ കുറ്റപ്പെടുത്തി മണർകാട് സ്റ്റേഷൻ ഹൗസ് ഓഫീസർ. കേസിൽ പ്രതി ചേർപ്പെട്ട ക്രൗൺ ക്ലബ് സെക്രട്ടറി മാലം സുരേഷുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് കേസെടുത്ത ഉദ്യോഗസ്ഥൻ മണർകാട് എസ്.എച്ച്.ഒ രതീഷ് കുമാർ തന്നെ പൊലീസിനെ കുറ്റപ്പെടുത്തുന്നത്. ഇദ്ദേഹത്തിനെതിരെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതായി കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാർ അറിയിച്ചു.കഴിഞ്ഞ 11 നാണ് മണർകാട് ക്രൗൺ ക്ലബിൽ നടത്തിയ പരിശോധനയിൽ 18 ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തത്. ചീട്ടുകളിക്കാൻ എത്തിയ 43 പേരെ പിടികൂടുകയും ക്ലബ് ഭാരവാഹികളെ പ്രതിയാക്കി കേസെടുക്കുകയും ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ് പ്രതി മാലം സുരേഷുമായി രതീഷ് കുമാർ നടത്തിയ ഫോൺ സന്ദേശം പുറത്തു വന്നിരിക്കുന്നത്.ക്ലബിനു താഴെ പ്രവർത്തിക്കുന്ന തന്റെ സ്ഥാപനങ്ങളിൽ നിന്നുള്ള പണമാണ് പൊലീസ് പിടിച്ചെടുത്തതെന്നാണ് സംഭാഷണത്തിൽ മാലം സുരേഷ് ആരോപിക്കുന്നത്. മണർകാട് എസ്.എച്ച്.ഒ ഇത് ശരിവയ്‌ക്കുന്നുമുണ്ട്. പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫീസർ യു.ശ്രീജിത്താണ് പരിശോധനയ്‌ക്കു പിന്നിലെന്നും രതീഷ് കുമാർ കുറ്റപ്പെടുത്തുന്നു. കോടതിയെ സമീപിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം സുരേഷിനെ ഉപദേശിക്കുന്നുണ്ട്. സംഭാഷണം സുരേഷ് തന്നെയാണ് റെക്കാഡ് ചെയ്ത് പുറത്തു വിട്ടിരിക്കുന്നത്.പരിശോധനയ്‌ക്കു നേതൃത്വം നൽകുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്‌ത ഉദ്യോഗസ്ഥൻ തന്നെയാണ് പ്രതിയ്‌ക്ക് നിയമോപദേശം നൽകുകയും പൊലീസിനെ കുറ്റപ്പെടുത്തുകയും ചെയ്‌തിരിക്കുന്നത്.