തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് സ്വദേശത്ത് പോയതിന് ശേഷം സംസ്ഥാനത്ത് തിരിച്ചെത്തുന്ന അന്യസംസ്ഥാന തൊഴിലാളികൾ നിർബന്ധമായും 14 ദിവസം ക്വാറന്റൈനും മറ്റൊരു പതിനാലുദിവസം നിരീക്ഷണത്തിലും കഴിയണമെന്ന് സർക്കാർ ഉത്തരവ് പുറത്തിറക്കി. ഇത് അതത് കരാറുകാർ ഉറപ്പാക്കണം. ആന്റിജൻ ടെസ്റ്റിന്റെ ചെലവും അവർ വഹിക്കണം. അന്യസംസ്ഥാന തൊഴിലാളികൾ തിരിച്ചെത്തുന്നത് സംബന്ധിച്ച പൂർണ വിവരം അടുത്തുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തിലോ, ജില്ലാ ആരോഗ്യകേന്ദ്രത്തിലോ അറിയിക്കണം. വരുന്ന ദിവസം തന്നെ എല്ലാവർക്കും ആന്റിജൻ ടെസ്റ്റും നടത്തണം.കരാറുകാരുടെ സഹായമില്ലാതെ നേരിട്ടെത്തുന്നവർ ദിശ ഹെൽപ്‌ലൈനിൽ വിളിച്ചറിയിക്കണമെന്നും ആന്റിജൻ ടെസ്റ്റിന്റെ ചെലവ് സ്വയം വഹിക്കണമെന്നും ആരോഗ്യ കുടുംബക്ഷേമവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.