കൊണ്ടോട്ടി: കൊണ്ടോട്ടി ബൈപ്പാസ് റോഡിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കഞ്ചാവുമായി നാലു പേർ അറസ്റ്റിലായി.കോളനിറോഡ് കാവും കണ്ടി മുഹമ്മദ് ഷരീഫ്(27),മുക്കം പന്നിക്കോട് അമൽ(23), നമ്പോലൻകുന്ന് വലിയപറമ്പിൽ ജയ്സൽ അമീൻ(22), കോളനി റോഡ് വയ്ത്തല പറമ്പിൽ ഉമറുൽ ഫാറൂഖ് (27) എന്നിവരെയാണ് ജില്ലാ ആന്റി നാർക്കോട്ടിക് സ്ക്വാഡ് പിടികൂടിയത്.ഇവർ സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തു.
പൊലീസിന്റെ നാർക്കോട്ടിക്ക് സംബന്ധമായ രഹസ്യവിവരങ്ങൾ കൈമാറുന്ന യോദ്ധാ ആപ്പ് വഴി മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവർ ഏറെക്കാലമായി കൊണ്ടോട്ടി പരിസരത്ത് തമ്പടിച്ച് കഞ്ചാവ് വിൽപ്പന നടത്തി വരികയായിരുന്നു.ഇവരെ ചോദ്യം ചെയ്തതിൽ നിന്നും കൊണ്ടോട്ടി പരിസരത്തെ ചെറുതും വലുതുമായ നിരവധി കഞ്ചാവ് കച്ചവടക്കാരെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.ഇവരെ നിരീക്ഷിച്ചു വരികയാണ്.ആയിരം രൂപയ്ക്ക് കഞ്ചാവ് വാങ്ങി ചെറിയ പൊതികളാക്കി വൻതുകയ്ക്ക് വിൽക്കുകയാണ് ഇവരുടെ രീതി.ഇവർ സ്ഥിരമായി കഞ്ചാവ് നൽകുന്നവരെ കുറിച്ചും സൂചനകൾ ലഭിച്ചിട്ടുണ്ട്.
മൂന്ന് ആഴ്ചക്കിടെ കഞ്ചാവ്, മയക്കുമരുന്ന് കേസുകളിൽ കൊണ്ടോട്ടിയിൽ നിന്ന് മാത്രം ജില്ലാ ആന്റിനാർക്കോട്ടിക് വിഭാഗത്തിന്റെ പിടിയിലായത് 13 പേരാണ്.ഇവരുടെ പ്രധാന കണ്ണികളെക്കുറിച്ച് പൊലീസ് നിരീക്ഷണം നടത്തിവരികയാണ്.കൊണ്ടോട്ടിയിൽ എത്തിച്ച വസ്തുക്കൾ മലപ്പുറം,കോഴിക്കോട് ജില്ലകളിൽ വിതരണം ചെയ്യുന്നതായാണ് കണ്ടെത്തിയത്. കൊണ്ടോട്ടി സി.ഐ ബി.കെ ബിജു,എസ്.ഐ വിനോദ് വലിയാറ്റൂർ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ആന്റി നാർക്കോട്ടിക് സ്ക്വാഡ് അംഗങ്ങളായ അബ്ദുൾ അസീസ്,സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്,പി.സഞ്ജീവ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.