തിരുവനന്തപുരം:കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മൂന്ന് പേർ കൂടി മരിച്ചു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിരുവനന്തപുരം കളിയിക്കാവിള സ്വദേശി പി. ജയചന്ദ്രൻ (56), കളമശേരി ഗവ. മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കരുമാല്ലൂർ തടിക്കക്കടവ് വെളിയത്തുനാട് തോപ്പിൽ വീട്ടിൽ കുഞ്ഞുവീരാൻ (67) കാസർകോട് ഉപ്പള സ്വദേശി നഫീസ (75 ) എന്നിവരാണ് മരിച്ചത്. രക്തസമ്മർദ്ദവും കടുത്ത പ്രമേഹവുമുണ്ടായിരുന്നകുഞ്ഞുവീരാനെ ന്യുമോണിയ ബാധിച്ച നിലയിൽ കഴിഞ്ഞ എട്ടിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിലായിരുന്ന കുഞ്ഞുവീരാന് പ്ലാസ്മ തെറാപ്പി അടക്കം വിദഗ്ദ്ധ ചികിത്സകൾ നൽകിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ ഉച്ചയ്ക്ക് കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം തടിക്കക്കടവ് പള്ളിയിൽ കബറടക്കി.കർഷകനായ കുഞ്ഞുവീരാന്റെ രോഗ ഉറവിടം വ്യക്തമല്ല. കുടുംബത്തിലെ ഏഴുപേർ രോഗം സ്ഥിരീകരിച്ച് ചികിത്സയിലാണ്.
ഇന്നലെ രാത്രി 10ഓടെയാണ് ജയചന്ദ്രൻ മരിച്ചത്.ഡി.എം.കെ കളിയിക്കാവിള പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ്. ദർഘനാളായി വൃക്കരോഗം ഉണ്ടായിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിൽ കുഴഞ്ഞുവീണതോടെ പാറശാലയിലെ സർക്കാർ ആശുപത്രിയിലും തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇവിടെ പ്രവേശിച്ചപ്പോൾ തന്നെ സ്രവം പരിശോധനയ്ക്കായി അയയ്ക്കുകയും പരിശോധനാഫലം പോസിറ്റീവാവുകയുമാരുന്നു. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 43 ആയി.