പാറശാല: വെള്ളറട ചുണ്ടിക്കലിൽ മണ്ണു മാഫിയ വിൽക്കാനായി കൂട്ടിയിട്ടിരുന്ന മണ്ണിടിഞ്ഞ് വീടിന്റെ മതിൽ തകർന്നു. രാജയ്യന്റെ വീടിന്റെ മതിലാണ് ടിപ്പർ ലോറി ഉപയോഗിച്ചു കൂട്ടിയിട്ട 20 ലോഡിലേറെ മണ്ണ് വീട്ടിലേക്കു വീണത്. ഇയാൾ വെള്ളറട പൊലീസിൽ പരാതി നൽകി. കുറച്ചു കാലത്തെ ഇടവേളയ്ക്കു ശേഷം വെള്ളറട കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മണ്ണ്, മണൽ മാഫിയാ സംഘം വീണ്ടും സജീവമായിരിക്കുകയാണ്. ഒരു പുരയിടത്തിൽ നിന്നെടുത്ത മണ്ണ് ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുകയാണ് ഇവരുടെ രീതി. ഇത്തരത്തിൽ വിൽപ്പനയ്ക്കായി രാജയ്യന്റെ വീടിനു സമീപം മതിലിനോട് ചേർന്ന് കൂട്ടിയിട്ടിരുന്ന മണ്ണാണ് ഇടിഞ്ഞ് മതിലോടൊപ്പം വീട്ടിലേക്ക് പതിച്ചത്.
പൊലീസിന്റെ ഒത്താശയോടെയാണ് മണ്ണു മാഫിയ വെള്ളറടയിൽ തഴച്ചുവളരുന്നതെന്ന ആക്ഷേപം വളരെ നാളായുണ്ട്. നിരന്തരം മണ്ണെടുക്കുന്നതുകാരണം വെള്ളറടയിലെ വയലുകൾ പുരയിടങ്ങളായി മാറി. റവന്യു അധികാരികൾക്കും പൊലീസിനും നിരവധി പരാതികൾ നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പ്രദേശവാസികളുടെ സമാധാന ജീവിതത്തിന് തടസമാവുന്ന മണ്ണ് - മണൽ മാഫിയകളെ അമർച്ചചെയ്യാൻ അധികാരികൾ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകാനൊരുങ്ങുകയാണ്.