കല്ലമ്പലം: മടവൂരിൽ കിണറ്റിലകപ്പെട്ട യുവാവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. കക്കോട്
ചരുവിള വീട്ടിൽ സനലാണ് (23) വീട്ടിലെ 50 അടി താഴ്ചയും 15 അടിയോളം വെള്ളവുമുള്ള
കിണറ്റിൽ വീണത്. രക്ഷപ്പെടുത്താനായി കൂട്ടുകാരായ ശ്രീജുവും ലിജിനും കിണറ്റിലിറങ്ങിയെങ്കിലും ശ്വാസതടസത്തെ തുടർന്ന് തിരിച്ചുകയറി. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ആറ്റിങ്ങൽ അഗ്നിശമനസേന സ്ഥലത്തെത്തുകയും സനലിനെ വല ഉപയോഗിച്ച് രക്ഷപ്പെടുത്തുകയും ചെയ്തു. സാരമായി പരിക്കേറ്റ സനലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എ.എസ്.ടി.ഒ ജി. മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ ഗ്രേഡ് എ.എസ്.ടി.ഒ മധുസൂദനൻനായർ, എസ്.എഫ്.ആർ.ഒമാരായ സി.ആർ. ചന്ദ്രമോഹൻ, ഷിജാം, എഫ്.ആർ.ഒമാരായ ബിനു, വിദ്യാരാജ്, പ്രമോദ്, അഖിലേശൻ, ശ്രീരാഗ്, എച്ച്.ജി. അനിൽകുമാർ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.