road
തകർന്ന ഒലിപ്പിൽ എള്ളുവിള റോഡ്

കിളിമാനൂർ: ഒലിപ്പിൽ - എള്ളുവിള റോഡിലൂടെയുള്ള യാത്ര ജനങ്ങളുടെ നടുവൊടിക്കുന്നു. വാർഷങ്ങൾക്ക് മുമ്പ് ടാർ ചെയ്ത റോഡിന്റെ ഏറിയ ഭാഗവും തകർന്ന നിലയിലാണ്. ഇതാണ് വാഹനങ്ങളിലും കാൽനടയായും യാത്രചെയ്യുന്നവരെ ബുദ്ധിമുട്ടിക്കുന്നത്. വർഷങ്ങളായി ഈ ദുരിതം തുടരുകയാണ്. എള്ളുവിള ക്ഷേത്രം, കുന്നുമ്മൽ. അനക്കപ്പറമ്പ്, മാടൻനട പ്രദേശങ്ങളിലെ നൂറോളം കുടുംബങ്ങളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. നിലവിൽ ടാറിംഗിന്റെ അവശേഷിപ്പ് പോലും ഇല്ലാത്ത അവസ്ഥയിലാണ് റോഡ്.

ഇരുചക്രവാഹനങ്ങൾ ഇളകിയ മെറ്റലുകളിൽ കയറി നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. വിഷയത്തിൽ പരാതി പറഞ്ഞ് മടുത്തിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ചക്കുളത്ത് കാവ് ട്രസ്റ്റ് വൃദ്ധ സദനം ഉൾപ്പെടെ സ്ഥിതി ചെയ്യുന്നത് റോഡിന് സമീപത്താണ്. നിരവധി വിദ്യാർത്ഥികളും റോഡിലൂടെ യാത്ര ചെയ്യുന്നുണ്ട്. ഇതും അധികൃതർ പരിഗണിക്കുന്നില്ല. റോഡിന്റെ കാര്യത്തിൽ അധികൃതർ തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്നും എത്രയും വേഗം അറ്റകുറ്റപ്പണികൾക്കുള്ള നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.