തിരുവനന്തപുരം: വിമാനത്താവള നയതന്ത്ര ചാനലിന്റെ മറവിൽ സ്വർണം കടത്തിയ കേസിലെ മുഖ്യകണ്ണിയും മൂന്നാം പ്രതിയുമായ ഫൈസൽ ഫരീദിനെ ഇന്ത്യയ്ക്ക് കൈമാറുന്നതോടെ സ്വർണക്കടത്തിന്റെ ചുരുളഴിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൻ.ഐ.എ. കഴിഞ്ഞ ദിവസം ദുബായിൽ പിടിയിലായ ഫൈസൽ ഫരീദിനെ രണ്ട് ദിവസത്തിനുള്ളിൽ എൻ.ഐ.എയ്ക്ക് കൈമാറിയേക്കുമെന്നാണ് സൂചന. ഇതിനായി എൻ.ഐ.എയുടെ രണ്ട് ഉന്നത ഉദ്യോഗസ്ഥർ ദുബായിൽ എത്തിയിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് ദുബായ് റാഷിദിയ പൊലീസ് കസ്‌റ്റഡിയിലെടുത്ത ഫൈസലിനെ ചോദ്യം ചെയ്തു വരികയാണ്. വ്യാജരേഖ നിർമ്മാണം, ഭീകരപ്രവർത്തനങ്ങൾക്കുള്ള സഹായം, സ്വർണക്കടത്തിലെ പങ്കാളിത്തം എന്നിവയ്ക്കുള്ള ഉത്തരമായിരിക്കും എൻ.ഐ.എ ചോദ്യം ചെയ്യലിൽ ഫൈസലിൽ നിന്ന് തേടുക.

മാത്രമല്ല, സ്വർണക്കടത്തിൽ ഉന്നതർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന വിവരവും ഫൈസലിൽ നിന്ന് ലഭിച്ചേക്കുമെന്നാണ് സൂചന. കടത്തിന്റെ കണ്ണികളെക്കുറിച്ചുള്ള വ്യക്തമായ വിവരവും അവരുടെയൊക്കെ റോൾ എന്താണെന്നതും ഫൈസലിന് അറിയാമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. അതിനാൽ ഫൈസലിനെ ചോദ്യം ചെയ്യുന്നതോടെ ഇതിന്റെയെല്ലാം ചുരുളഴിഞ്ഞേക്കും.

എല്ലാം ഫൈസലിന്റെ ബുദ്ധി

സ്വർണക്കടത്തിന് പിന്നിലെ ബുദ്ധികേന്ദ്രം ഫൈസൽ ഫരീദ് തന്നെയാണെന്നാണ് എൻ.ഐ.എ ഉറച്ചുവിശ്വസിക്കുന്നത്. ദുബായിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ സ്വർണം ആർക്ക് വേണ്ടിയാണെന്ന സുപ്രധാന ചോദ്യത്തിനാണ് ഇനി ഉത്തരം കിട്ടേണ്ടത്. ഇതിലേക്ക് വെളിച്ചം വീശാൻ ഫൈസലിന്റെ മറുപടിക്ക് മാത്രമേ കഴിയൂവെന്നാണ് എൻ.ഐ.എ നൽകുന്ന സൂചന. സ്വർണക്കടത്തിനുള്ള ഡമ്മി ബാഗ് എന്ന ആശയം തന്നെ ഫൈസലിന്റേതായിരുന്നു. 2019 ജൂണിലാണ് ആദ്യമായി ഡിപ്ളോമാറ്റിക് ബാഗിനൊപ്പം ഡമ്മി ബാഗ് അയച്ച് കടത്ത് സംഘം പരീക്ഷണം നടത്തിയത്. ഡമ്മി ബാഗ് ഒരു പ്രശ്നവും കൂടാതെ ലക്ഷ്യസ്ഥാനത്ത് എത്തിയതോടെ പ്രതികൾക്ക് ആത്മവിശ്വാസമായി. പിന്നീടാണ് ചെറിയ ചെറിയ അളവുകളിൽ സ്വർണം ഒളിപ്പിച്ച് കടത്ത് തുടങ്ങിയത്. ഇത്തരത്തിൽ 20ലേറെ തവണയായി 112 കോടിയുടെ 230 കിലോ സ്വർണം വരെ കടത്തി.