തിരുവനന്തപുരം: കൊവിഡ് മഹാമാരി മെരുങ്ങാതെ തുടരുന്നതിനിടെ സംസ്ഥാനത്തെ ഓരോ പഞ്ചായത്തിലും രണ്ട് സ്വകാര്യ ആശുപത്രികളെ കൊവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളായി മാറ്റണമെന്ന ഉന്നതാധികാര സമിതിയുടെ നിർദ്ദേശം സർക്കാർ സജീവമായി പരിഗണിക്കുന്നു. കൊവിഡ് പ്രതിരോധത്തിൽ സ്വകാര്യ ആശുപത്രികളുടെ കൂടി സേവനം പ്രയോജനപ്പെടുത്താൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് ഡോ.ബി.ഇക്ബാൽ അദ്ധ്യക്ഷനായ സമിതി ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വച്ചത്.
നിലവിൽ ലക്ഷണങ്ങളില്ലാതെ കൊവിഡ് ബാധിക്കുന്നവരെയും ചെറിയ ലക്ഷണങ്ങളുള്ളവരെയും ചികിത്സിക്കുന്നതിനാണ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ തുടങ്ങിയിരിക്കുന്നത്. പോസിറ്റീവായവർക്ക് രോഗം ഭേദമായ ശേഷം 10 ദിവസത്തിന്റെ ഇടവേളയിൽ നടത്തുന്ന ആർ.ടി-പി.സി.ആർ പരിശോധനയിൽ വീണ്ടും പോസിറ്റീവായാലും ഇത്തരം രോഗികളെ ഫസ്റ്റ്ലൈൻ സെന്ററുകളിൽ ചികിത്സിക്കാവുന്നതേയുള്ളൂവെന്നും സമിതി ചൂണ്ടിക്കാട്ടി.
25,000 ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് കിടക്കകൾ
10 മുതൽ 50 വരെ കിടക്കകളുള്ള സ്വകാര്യ ആശുപത്രികളെ ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളാക്കാനാണ് സമിതി സർക്കാരിനോട് ശുപാർശ ചെയ്തത്. ഓരോ പഞ്ചായത്തിലും കുറഞ്ഞത് 25 കിടക്കകൾ ലഭിച്ചാൽ 25,000 ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾക്കുള്ള കിടക്കകൾ ലഭിക്കുമെന്നാണ് സമിതിയുടെ വിലയിരുത്തൽ. ഈ ആശുപത്രികളിലെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനം പ്രയോജനപ്പെടുത്താനാകുമെന്നതും മേന്മയാണ്. ആശുപത്രിയിലേക്ക് വേണ്ട ആന്റിജൻ കിറ്റുകൾ, പി.പി.ഇ കിറ്റുകൾ, മറ്റ് അത്യാവശ്യ മരുന്നുകൾ എന്നിവയെല്ലാം സർക്കാർ നൽകും. ആശുപത്രികളിലെ അണുനശീകരണവും മറ്റ് പ്രവർത്തനങ്ങളും പഞ്ചായത്തിനും ചെയ്യാം. ഇതോടെ കൊവിഡ് പ്രതിരോധത്തിന് ഒരു ഏകോപന സ്വഭാവവും കൈവരും. ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച കാര്യം ചർച്ച ചെയ്ത് തീരുമാനിക്കും. ഒരു കിടക്കയ്ക്ക് 1200 രൂപയും എച്ച്.ഡി.യു കിടക്കകൾക്ക് 2200 രൂപയും വെന്റിലേറ്റർ സംവിധാനത്തോടെയുള്ള കിടക്കകൾക്ക് 3200 രൂപയുമാണ് ആശുപത്രി മാനേജ്മെന്റുകൾ ആവശ്യപ്പെടുന്നത്. എന്നാൽ, ഇത് സർക്കാർ അംഗീകരിച്ചിട്ടില്ല.
1.75 ലക്ഷം നഴ്സുമാരും 80,000 ഡോക്ടർമാരും
1.75 ലക്ഷം നഴ്സുമാരും 80,000 രജിസ്ട്രേഡ് ഡോക്ടമാരും കേരളത്തിലുണ്ടെന്നാണ് കണക്ക്. ഇവരിൽ ഭൂരിഭാഗം പേരും ജോലി ചെയ്യുന്നത് സ്വകാര്യ മേഖലയിലാണ്.
സർക്കാരിന്റെ കൈവശം 17,440 കിടക്കകൾ മാത്രം
കൊവിഡ് ആശുപത്രികളിലും ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലുമായി സർക്കാരിന്റെ കൈവശമുള്ളത് 17,440 കിടക്കകൾ മാത്രമാണ്. ഗുരുതരമല്ലാത്തവരെ ചികിത്സിക്കുന്ന താൽക്കാലിക കേന്ദ്രങ്ങളിൽ 7,757 കിടക്കകളും കൊവിഡ് ആശുപത്രികളിൽ 9,683 കിടക്കകളുമാണുള്ളത്. 890 തീവ്രപരിചരണ യൂണിറ്റുകളും ഉണ്ട്.
കൂടുതൽ രോഗികൾ ഇവിടെ
തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, കാസർകോട് ജില്ലകളിലാണ് കൊവിഡ് രോഗികൾ ഏറ്റവും കൂടുതൽ. ഏറ്റവുമധികം രോഗികളെ കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള തിരുവനന്തപുരത്ത് 2,272 കിടക്കകളാണുള്ളത്.