photo

പാലോട്: ചരക്ക് ലോറികൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ പ്രതിദിനം കടന്നുപോകുന്ന തിരുവനന്തപുരം - തെങ്കാശി റോഡിൽ വേരറ്റ നിലയിൽ നിരവധി മരങ്ങൾ അപകടഭീഷണിയായി മാറിയിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് പരാതി. റോഡ് വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വശങ്ങളിലെ മണ്ണിടിച്ച് മാറ്റിയതിനെ തുടർന്ന് വേരുകൾ മുറിഞ്ഞ് ബലക്ഷയം സംഭവിച്ച മരങ്ങൾ മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് ചിതറ, പെരിങ്ങമ്മല പഞ്ചായത്തുകൾക്കും പി.ഡബ്ല്യു.ഡി അധികൃതർക്കും നിരവധി പരാതികൾ നാട്ടുകാർ നൽകിയിരുന്നു. പാലോട് പഴയ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്കു സമീപമുള്ള പാലത്തിനോട് ചേർന്നു നിൽക്കുന്ന മരം ഏതു നിമിഷവും ഒടിഞ്ഞു വീഴാവുന്ന നിലയിലാണ്. ജവഹർ കോളനിക്ക് സമീപം റോഡരികിൽ നിൽക്കുന്ന ആഞ്ഞിലി മരം വേരറ്റ് നിൽക്കുന്നതിനാൽ തൊട്ടടുത്തുള്ള വീടുകളിൽ താമസിക്കുന്ന നിരവധി കുടുംബങ്ങൾ പ്രാണഭയത്തിലാണ് ഇപ്പോൾ കഴിഞ്ഞുകൂടുന്നത്. മണ്ണിടിച്ചിൽ രൂക്ഷമായ ഈ പ്രദേശത്ത് മഴ ശക്തമാകുന്നതോടെ മരം കടപുഴകി വീഴാനുള്ള സാദ്ധ്യത കൂടുതലാണ്. ഇതേ ആഞ്ഞിലിമരത്തിന്റെ ശിഖരം 11 കെ.വി വൈദ്യുതി ലൈനിൽ തട്ടി കരിഞ്ഞ നിലയിലുമാണ്. ഇതുമാത്രമല്ല പ്രദേശത്തെ നിരവധി വൻമരങ്ങളും വേരറ്റ് അപകടഭീഷണിയുയർത്തുന്നുണ്ട്. കഴിഞ്ഞ ദിവസം നന്ദിയോട് ആലുംമൂട്ടിൽ റോഡ് പുറമ്പോക്കിൽ നിന്ന മരം കടപുഴകി രണ്ടു കാറുകളും കാർ ഷെഡും തകർന്നിരുന്നു. ഫയർഫോഴ്സെത്തിയാണ് മരം മുറിച്ചുമാറ്റിയത്. ഇത്തരം മരങ്ങൾ മുറിച്ചുമാറ്റാനുള്ള അടിയന്തര നടപടികൾ അധികാരികൾ സ്വീകരിച്ചില്ലെങ്കിൽ വൻ ദുരന്തമാണ് കാത്തിരിക്കുന്നത്. ധാരാളം പരാതികൾ നൽകിയെങ്കിലും ഇതുവരെയും യാതൊരു നടപടിയും സ്വീകരിക്കാത്തതിനാൽ സമരമാരംഭിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.

കഴിഞ്ഞ ദിവസം മരം വീണ് തകർന്നത് 2 കാറുകൾ

അടിയന്തരമായി മുറിച്ചുമാറ്റണമെന്ന് ആവശ്യം