ansalan

തിരുവനന്തപുരം: കൊവിഡ് അതിവേഗം വ്യാപിക്കുന്ന തമിഴ്നാട്ടിലെ സ്ഥിതി അതിർത്തി പ്രദേശമെന്ന നിലയിൽ നെയ്യാറ്റിൻകരയിലെ ജനങ്ങളെ കടുത്ത ആശങ്കയിൽ ആക്കിയിട്ടുണ്ടെന്ന് സ്ഥലം എം.എൽ.എയായ കെ.ആൻസലൻ പറഞ്ഞു. അതേസമയം,​ കൊവിഡ് രോഗവ്യാപനം തടയുന്നതിനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം 'കേരളകൗമുദി 'ഫ്ളാഷി'നോട് പറഞ്ഞു.

പ്രതിരോധം സുസജ്ജം
നെയ്യാറ്റിൻകരയിൽ ആദ്യം രോഗം റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ ശക്തമായ മുൻകരുതലുകൾ സ്വീകരിച്ചിരുന്നു. എന്നാൽ,​ ജനങ്ങൾ കൂടുതൽ ഗൗരവം കാണിക്കാതിരുന്നത് സ്ഥിതിഗതികൾ രൂക്ഷമാകാൻ ഇടയാക്കി. ഇപ്പോൾ ജനങ്ങൾക്ക് കാര്യങ്ങൾക്ക് മനസിലായിക്കഴി‍ഞ്ഞു. അതിനാൽ തന്നെ സ്വയം നിയന്ത്രണങ്ങളും മുൻകരുതലുകളും സ്വീകരിക്കാൻ അവർ തയ്യാറായിട്ടുണ്ട്. രോഗബാധയുള്ള പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാപാരസ്ഥാപനങ്ങളും മറ്റും കൊവിഡ് മാനദണ്ഡം പാലിച്ചു മാത്രമേ തുറക്കാൻ അനുവദിക്കുന്നുള്ളൂ. ജനങ്ങളെ കൂട്ടം കൂടാൻ അനുവദിക്കില്ല. ജനങ്ങൾക്കിടയിൽ അവബോധം ഉണ്ടാക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടക്കുന്നു. കൃത്യമായ ഇടവേളകളിൽ അവലോകന യോഗങ്ങൾ ചേർന്ന് സ്ഥിതി വിലയിരുത്തുന്നുണ്ട്. രോഗബാധ രൂക്ഷമായ ഇടങ്ങളിൽ സാധാരണയിലും കവിഞ്ഞ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

തമിഴ്നാട്ടിലെ വ്യാപനം വെല്ലുവിളി
തമിഴ്നാട് അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശമായതിനാൽ അവിടെ അതിവേഗത്തിലുള്ള രോഗവ്യാപനമാണ്. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് നെയ്യാറ്റിൻകരയിലെ ജനങ്ങളെയാണ്. അതിർത്തി കടന്ന് ഇവിട‌േക്ക് വരുന്നവർ ജനങ്ങളുമായി ഒരു നിയന്ത്രണവുമില്ലാതെ ഇടപഴകുന്നത് ഉയർത്തുന്ന ആശങ്ക ചെറുതല്ല. അതിർത്തിയിൽ നിന്നുള്ള വരവ് നിയന്ത്രിക്കണമെന്ന് തമിഴ്നാട് പൊലീസിനോട് അടക്കം ആവശ്യപ്പെട്ടിട്ടുണ്ട്. അതിർത്തിയിലെ പ്രധാന വഴികളെല്ലാം മണ്ണിട്ട് അടച്ച് സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്. എന്നാൽ,​ അതിർത്തിയിലെ ഊടുവഴികളിലൂടെ കുറച്ചുപേരെങ്കിലും ഇവിടേക്ക് എത്തുന്നുണ്ട്. ഇത് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. മുമ്പൊക്കെ നിരന്തരം ആളുകൾ ഇത്തരത്തിൽ എത്തിയിരുന്നു. ഇപ്പോഴത് കുറഞ്ഞെങ്കിലും പൂർണമായി നിയന്ത്രിക്കാനായിട്ടില്ല. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്.

പരിശോധനകളുടെ എണ്ണം കൂട്ടി
നിലവിൽ ആന്റിജൻ പരിശോധനകളാണ് നടത്തുന്നത്. ഇപ്പോൾ 34 രോഗികളാണ് നെയ്യാറ്റിൻകരയിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ രോഗം സ്ഥിരീകരിക്കുന്നതിന്റെ ഭാഗമായി പരിശോധനകൾ കൂട്ടാൻ തീരുമാനിച്ചിട്ടുണ്ട്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ കാര്യങ്ങൾ ആരോഗ്യപ്രവർത്തകർ എല്ലാദിവസവും അന്വേഷിക്കുന്നുണ്ട്. അവരുടെ ന്യായമായ ആവശ്യങ്ങൾ എല്ലാം നിറവേറ്റുന്നുമുണ്ട്. ആശുപത്രികളിൽ ചികിത്സാ സംവിധാനങ്ങൾ എല്ലാം ഏർപ്പെടുത്തിയിട്ടുണ്ട്. പി.പി.ഇ കിറ്റുകൾ,​ മാസ്‌കുകൾ,​ മറ്റ് സുരക്ഷാ ഉപകരണങ്ങൾ എല്ലാം ലഭ്യമാക്കിയിട്ടുണ്ട്. ആവശ്യം അനുസരിച്ച് കൂടുതൽ ഉപകരണങ്ങൾ എത്തിക്കും. ഇതിനായി എം.എൽ.എ ഫണ്ടിൽ നിന്ന് 10 ലക്ഷത്തോളം രൂപ ചെലവിടാൻ ഒരുങ്ങുകയാണ്.

ഫസ്‌റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ
സർക്കാരിന്റെ നിർദ്ദേശപ്രകാരം കൊവിഡ് ഫസ്‌റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ആരംഭിക്കാൻ നടപടികൾ സ്വീകരിച്ചു വരുന്നു. 1000 പേരെ പാർപ്പിക്കാൻ കഴിയുന്ന തരത്തിലുള്ള ട്രീറ്റ്മെന്റ് സെന്ററുകൾ ഒരുക്കാനാണ് ശ്രമം. ഇതിനായി സരസ്വതി നഴ്സിംഗ് കോളേജ്,​ കുളത്തൂർ ഗവൺമെന്റ് സ്കൂൾ എന്നിവയടക്കമുള്ള സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്.