cash

സാമ്പത്തിക രംഗത്ത് വിപ്ളവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടാണ് 1969-ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ബാങ്ക് ദേശസാൽക്കരണം നടപ്പിലാക്കിയത്. രാജ്യത്തെ പതിനാലു പ്രമുഖ സ്വകാര്യ ബാങ്കുകളാണ് അന്ന് സർക്കാരിനു കീഴിലായത്. പിന്നീട് 1980-ൽ ഏതാനും സ്വകാര്യ ബാങ്കുകൾ കൂടി പൊതുമേഖലാ ബാങ്കുകളായി മാറി. ബാങ്കുകളുടെ സേവനം അപ്രാപ്യമായിരുന്ന സമൂഹത്തിലെ പാവപ്പെട്ടവർക്കും പാർശ്വവത്‌കൃത സമൂഹങ്ങൾക്കും ബാങ്ക് ദേശസാൽക്കരണത്തിലൂടെ ഈ അരനൂറ്റാണ്ടിനിടയിൽ പ്രയോജനമുണ്ടായിട്ടുണ്ടെന്നുള്ളത് വസ്തുതയാണ്. അതേസമയം ഏറെ നേട്ടമുണ്ടായത് ഉപരിവർഗത്തിനു തന്നെയാണെന്ന യാഥാർത്ഥ്യവും മുമ്പിലുണ്ട്. ബാങ്കുകളുടെ കിട്ടാക്കടത്തിന്റെ പട്ടിക നോക്കിയാൽ മതി ഇതു ബോദ്ധ്യമാകാൻ. രണ്ടുദിവസം മുൻപ് ഇതുസംബന്ധിച്ച് ആൾ ഇന്ത്യാ ബാങ്ക് എംപ്ളോയീസ് അസോസിയേഷൻ പുറത്തുവിട്ട കണക്ക് സ്വയം സംസാരിക്കുന്നതാണ്.

പ്രമുഖ പതിനഞ്ചു ദേശസാത്‌കൃത ബാങ്കുകളിൽ നിന്ന് കോടിക്കണക്കിന് രൂപ വായ്പയെടുത്തു തിരിച്ചടയ്ക്കാത്തവരുടെ പട്ടിക ഏറെ ദീർഘമാണ്. അതിൽ അഞ്ചുകോടി രൂപയ്ക്കു മേലുള്ള കിട്ടാക്കടം വരുത്തിയ അക്കൗണ്ടുകൾ 2426 ആണ്. ഇത്രയും അക്കൗണ്ടുകളിലായി പൊതുമേഖലാ ബാങ്കുകൾക്ക് ലഭിക്കാനുള്ളത് 1,47,350 കോടി രൂപയാണ്. 2019 സെപ്തംബർ വരെയുള്ള കണക്കാണിത്. ബാങ്കുകളെ കബളിപ്പിച്ച് വിദേശങ്ങളിലേക്കു കടന്നവരും നാട്ടിൽത്തന്നെ ഒരു കൂസലുമില്ലാതെ വിലസി നടക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. കാലാകാലങ്ങളിൽ ഒന്നിനുമേൽ ഒന്നായി നിയമങ്ങൾ കർക്കശമാക്കിയ ശേഷവും കിട്ടാക്കടം പെരുകിക്കൊണ്ടിരിക്കുന്നതായാണ് കാണുന്നത്. പുറത്തുവന്ന കിട്ടാക്കടത്തിന്റെ പട്ടികയിൽ ചില പ്രമുഖ ബാങ്കുകൾ ഉൾപ്പെടുന്നില്ല. അവയ്ക്കു ലഭിക്കാനുള്ള കിട്ടാക്കടം എത്രയെന്ന് അറിയുമ്പോൾ മൊത്തം തുക രണ്ടുലക്ഷം കോടി രൂപയിലും കവിഞ്ഞേക്കും. വ്യവസായ - വാണിജ്യ ആവശ്യങ്ങൾക്കായി ആയിരക്കണക്കിനു കോടി രൂപയെടുത്ത ശേഷം ഒരു പൈസ പോലും തിരിച്ചടയ്ക്കാത്തവരുണ്ട്. വജ്ര വ്യാപാരിയായ മെഹുൽ ചോക്സിയും മദ്യരാജാവായി അറിയപ്പെട്ടിരുന്ന വിജയ് മല്ല്യയുമൊക്കെ ഈ ഗണത്തിൽപ്പെടുന്നവരാണ്. ചോക്സിയുടെയും കുടുംബത്തിന്റെയും വായ്പാ കുടിശിക 4644 കോടി രൂപയാണ്. ഒന്നര ലക്ഷത്തോളം കോടി രൂപയുടെ കിട്ടാക്കടത്തിൽ 32737 കോടിയും 33 പേരിലുള്ളതാണ്. 500 കോടി രൂപയ്ക്കു മേലുള്ളതാണ് ഇതിൽ ഓരോ അക്കൗണ്ടും. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐയ്ക്കു മാത്രം 43,887 കോടി രൂപയാണ് വമ്പന്മാരിൽ നിന്ന് വായ്പാ കുടിശ്ശികയായി ലഭിക്കാനുള്ളത്. പട്ടികയിൽ തൊട്ടടുത്ത സ്ഥാനത്ത് പഞ്ചാബ് നാഷണൽ ബാങ്കാണ്. കുടിശികക്കാരുടെ ആസ്തികൾ കണ്ടുകെട്ടി കുടിശിക ഈടാക്കാനുള്ള നിയമം ശക്തമാക്കിയതോടെ അടുത്ത കാലത്തായി ആ വഴിക്കു കാര്യങ്ങൾ നീങ്ങുന്നുണ്ട്. ചോക്സി കുടുംബത്തിന്റെ വസ്തുവകകൾ ലേലം ചെയ്തത് ഈ അടുത്ത നാളിലാണ്. കിട്ടാക്കടത്തിന്റെ ഒരു ഭാഗം ഈടാക്കാനേ ഇതിലൂടെ സാദ്ധ്യമായുള്ളൂ. നിയമത്തിന്റെ നൂലാമാലകൾ പലരുടെയും കാര്യത്തിൽ വിലങ്ങുതടിയാകാറുണ്ട്. ശതകോടീശ്വരന്മാരുടെ ആസ്തി വികസനത്തിൽ കാണുന്ന അഭൂതപൂർവമായ വർദ്ധനയ്ക്കു പിന്നിൽ പ്രധാന സ്രോതസ് ബാങ്കുകളുടെ കൈയയച്ചുള്ള വായ്പകൾ തന്നെയാണെന്ന് കാണാം.

വായ്പ തിരിച്ചടയ്ക്കാൻ പ്രയാസപ്പെടുന്ന സാധാരണക്കാരോടും കൃഷിക്കാരോടും ചെറുകിട കച്ചവടക്കാരോടും യാതൊരു ദാക്ഷിണ്യവും കാണിക്കാത്ത ബാങ്കുകൾ വൻകിടക്കാരോട് ഏറ്റവും മൃദുവായ സമീപനമാണു സ്വീകരിക്കാറുള്ളത്. കിടപ്പാടം പോലും ജപ്തിഭീഷണിയിലാകുന്ന സാധാരണക്കാരന്റെ മുമ്പിൽ ബാങ്കിന്റെ വാതിലുകൾ പലപ്പോഴും കൊട്ടിയടയ്ക്കപ്പെടുന്നു. ഏഴര ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസ വായ്പയ്ക്ക് ഒരുവിധ ജാമ്യവും നൽകേണ്ടതില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ നിബന്ധന. എന്നാൽ വായ്പാ അപേക്ഷയുമായി എത്തുന്ന എത്രയെത്ര പേരെയാണ് ജാമ്യവ്യവസ്ഥയുടെ പേരിൽ ബാങ്കുകൾ മടക്കി അയയ്ക്കാറുള്ളത്.

പൊതുമേഖലാ ബാങ്കുകളുടെ ലാഭം വർഷങ്ങൾ കഴിയുന്തോറും കുറയുന്നതിന്റെ പ്രധാന കാരണം കിട്ടാക്കടത്തിന്റെ തോത് ഉയരുന്നതാണ്. നിക്ഷേപപ്പലിശ കുത്തനെ താഴ്‌ന്നതോടെ ബാങ്ക് നിക്ഷേപങ്ങൾ തികച്ചും അനാകർഷകമായിക്കഴിഞ്ഞു. വായ്പാ പലിശ കുറച്ചിട്ടും വാങ്ങാൻ വേണ്ടത്ര ആളുകളെ കിട്ടാത്തതും ബാങ്കുകൾ നേരിടുന്ന പ്രതിസന്ധികളിലൊന്നാണ്. സേവന നിരക്കുകൾ അടിക്കടി വർദ്ധിപ്പിച്ച് ഇടപാടുകാരെ വിഷമിപ്പിക്കുന്ന ബാങ്കുകൾ ഒരു താത്‌പര്യവും കാണിക്കാത്തത് വൻകിടക്കാരുടെ ഭീമമായ വായ്പാ കുടിശിക പിരിച്ചെടുക്കുന്നതിലാണ്. ഇത്തരം വായ്പകളിൽ അധിക പങ്കും ഉന്നത രാഷ്ട്രീയ ഇടപെടലുകളിലൂടെയാണ് കരഗതമാകുന്നത്. അതുകൊണ്ടു തന്നെ കുടിശികയായാലും ഈടാക്കാനുള്ള നിയമ നടപടികൾക്ക് ഒരിക്കലും വേഗത കൈവരാറുമില്ല.

വർദ്ധിച്ചുവരുന്ന കിട്ടാക്കടം പൊതുമേഖലാ ബാങ്കുകളുടെ നിലനില്പുതന്നെ അപകടപ്പെടുത്തുകയാണ്. കേന്ദ്ര സർക്കാർ അപ്പപ്പോൾ സഹായത്തിനെത്തുന്നതു കൊണ്ടാണ് അവയിൽ പലതും പിടിച്ചുനിൽക്കുന്നത്. ബാങ്കുകളുടെ പ്രവർത്തനദോഷം കൊണ്ടുണ്ടാകുന്ന കഷ്ടനഷ്ടങ്ങളുടെ ഭാരവും ജനങ്ങൾ ചുമക്കേണ്ടിവരികയാണ്. നാടിന്റെ വികസനത്തിന് ഉപയുക്തമാകേണ്ട കോടാനുകോടികളാണ് പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്താനെന്ന പേരിൽ ഖജനാവിൽ നിന്ന് ഒഴുകിക്കൊണ്ടിരിക്കുന്നത്. അപ്പോഴും ഒഴിച്ചുകൂടാനാവാത്ത ആവശ്യങ്ങൾക്കായി ഒന്നോ രണ്ടോ ലക്ഷം രൂപ വായ്പ എടുത്തതിന്റെ പേരിൽ സാധാരണക്കാർ പലപ്പോഴും ജപ്തി ഭീഷണിവരെ നേരിടാറുമുണ്ട്.

വൻകിടക്കാരുടെയും അതിസമ്പന്നരുടെയും വായ്പാ കുടിശിക തിരിച്ചുപിടിക്കാനുള്ള നടപടി ശക്തമാക്കേണ്ടത് ബാങ്കുകളുടെ നിലനില്പിന്റെ തന്നെ പ്രശ്നമായി മാറിയിട്ടുണ്ട്. ഭരണാധികാരികളുടെ അറിവോടെയാണ് പല വമ്പന്മാരും ബാങ്കുകളെ കബളിപ്പിച്ച് മുങ്ങുന്നത്. രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കും സ്വാധീനത്തിനും ബാങ്ക് ഭരണാധികാരികൾ വഴങ്ങേണ്ടിവരുന്നതു കൊണ്ടാണ് തിരിച്ചടവ് ഉണ്ടാവില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ വൻകിടക്കാർക്ക് ഭീമമായ തോതിൽ വായ്പ അനുവദിക്കേണ്ടിവരുന്നത്. സാധാരണ വായ്പയുടെ കാര്യത്തിൽ കാണിക്കുന്ന സുരക്ഷാ മുൻകരുതലുകൾ ഇക്കൂട്ടരുടെ കാര്യത്തിൽ എടുക്കാറുമില്ല. ഇപ്പോഴത്തെ മഹാമാരിയുടെ പശ്ചാത്തലത്തിൽ ബാങ്കുകളുടെ കിട്ടാക്കടം ഈ വർഷവും ഗണ്യമായി വർദ്ധിക്കാനാണു സാദ്ധ്യത. ഈ നില അനിശ്ചിതമായി തുടരുന്നത് ബാങ്കുകൾക്ക് എത്രമാത്രം ഭീഷണിയാകുമെന്ന് ആലോചിക്കേണ്ടതുണ്ട്. കിട്ടാക്കടം ഈടാക്കുന്നതിന് സാഹചര്യങ്ങൾക്കിണങ്ങുന്ന ഒരു കർമ്മ പദ്ധതി ആവിഷ്കരിക്കുന്നില്ലെങ്കിൽ പൊതുമേഖലാ ബാങ്കുകൾ സമൂഹത്തിന് വലിയ ബാദ്ധ്യതയാകും.