sivasankar

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് വിവാദം സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്പിച്ചുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയതിന് പിന്നാലെ, സർക്കാരിന്റെ ഇനിയുള്ള പത്ത് മാസക്കാലത്തെ പ്രവർത്തനം അങ്ങേയറ്റം ജാഗ്രതയോടെ കൊണ്ടുപോകാൻ പാർട്ടി നീക്കം.

ഭരണത്തിൽ പാർട്ടി നിരീക്ഷണവും നിയന്ത്രണവും കനപ്പിക്കുന്നതിന്റെ ഭാഗമായി, പാർട്ടി മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരുടെ യോഗം 23ന് രാവിലെ 10മണിക്ക് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വിളിച്ചു. 25, 26 തീയതികളിൽ പാർട്ടി കേന്ദ്രകമ്മിറ്റി യോഗം വീഡിയോ കോൺഫറൻസ് വഴി ചേരുന്നതിന് മുന്നോടിയായാണിത്.

മുഖ്യമന്ത്രിയുടെ ഓഫീസിലും പാർട്ടി നിയന്ത്രണം ശക്തമാക്കുമെന്ന് കേന്ദ്രനേതൃത്വത്തെ സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒരഴിച്ചുപണിക്ക് മുഖ്യമന്ത്രി താല്പര്യം പ്രകടിപ്പിച്ചിട്ടില്ലാത്ത സ്ഥിതിക്ക് അത്തരമൊരാലോചനയിലേക്ക് കടന്നിട്ടില്ല. എന്നാൽ, രാഷ്ട്രീയ നിയമനം വേണ്ടിവരുമെന്ന സൂചനകളുണ്ട്. കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകളും തീരുമാനങ്ങളുമുണ്ടായേക്കാം.മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി ശിവശങ്കറിന്റെ വഴിവിട്ട നടപടികളാണ് സർക്കാരിന് ക്ഷീണമുണ്ടാക്കിയത്. ഇതിലെ അനുഭവപാഠം ഉൾക്കൊണ്ട് മുന്നോട്ട് പോകുമെന്ന് കഴിഞ്ഞ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു

സർക്കാർ അധികാരമേറ്റയുടൻ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് പാർട്ടി കർശനമായ പെരുമാറ്റച്ചട്ടം കൊണ്ടുവന്നിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്തെ സോളാർ വിവാദമടക്കമുള്ള

അനുഭവങ്ങൾ കണക്കിലെടുത്താണിത്. പേഴ്സണൽ സ്റ്റാഫ് പ്രലോഭനങ്ങളിൽ കുടുങ്ങരുത്, ഓഫീസിൽ പല ആവശ്യങ്ങളുമായി എത്തുന്നവരെ കരുതലോടെ സമീപിക്കണം, ഫയലുകൾ കൈകാര്യം ചെയ്യുന്നതിൽ ജാഗ്രത വേണം, ഫയൽ രഹസ്യങ്ങൾ ചോരാനിടയാക്കരുത്, ഉപഹാരങ്ങൾ സ്വീകരിക്കരുത് തുടങ്ങിയ നിർദ്ദേശങ്ങളാണ് അതിലുണ്ടായിരുന്നത്. ഓഫീസിൽ എന്ത് കാര്യത്തിന് വരുന്നവരുമായും ഒരു സംശയത്തിന്റെ അകലം സൂക്ഷിക്കണമെന്ന കർക്കശനിർദ്ദേശം മുഖ്യമന്ത്രി അദ്ദേഹത്തിന്റെ സ്റ്റാഫിനും നൽകിയതാണ്. എന്നാൽ, അദ്ദേഹത്തിന്റെ ഓഫീസിൽ നിന്ന് തന്നെയാണിപ്പോൾ സർക്കാരിന് അപവാദമുണ്ടാക്കുന്ന വീഴ്ച സംഭവിച്ചിരിക്കുന്നതും.