തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിൽ കൂടുതൽ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ആരംഭിക്കും. സാമൂഹ്യവ്യാപനം സ്ഥിരീകരിച്ച പൂന്തുറയിലും പുല്ലുവിളയിലും സ്ഥലങ്ങൾ കണ്ടെത്തി ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ തുടങ്ങും. 72 ഗ്രാമപഞ്ചായത്തുകളും 4 മുനിസിലിപ്പാലിറ്റി പരിധിയിലുമുള്ള സ്ഥലങ്ങളിലും സെന്ററുകൾ ആരംഭിക്കും. ആവശ്യാനുസരണം ഇവിടെയും കൂടുതൽ സജ്ജീകരിക്കാം. ഇതിനായുള്ള കെട്ടിടങ്ങൾ തദ്ദേശസ്ഥാപനങ്ങൾ തന്നെ കണ്ടെത്തണം. നഗരസഭാ പരിധിയിൽ 5 ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ ആരംഭിച്ചിട്ടുണ്ട്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം, ഐരാണിമുട്ടം ഹോമിയോ ഹോസ്‌പിറ്റൽ, പൂന്തുറ സെന്റ് തോമസ് സ്‌കൂൾ, ഇ.എസ്.ഐ ഹോസ്‌പിറ്റൽ പേരൂർക്കട, ജി.വി. രാജ ഹാൾ വിഴിഞ്ഞം, ആയുഷ് പഞ്ചകർമ്മ പൂജപ്പുര എന്നിങ്ങനെയാണ് സെന്ററുകൾ. ഡോക്ടർമാർ, നഴ്സുമാർ നഴ്സിംഗ് അസിറ്റന്റുമാർ എന്നിവരെ സെന്ററിൽ ആവശ്യാനുസരണം നിയോഗിക്കും. ജില്ലയിൽ ഇതുവരെ 16 ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളാണ് ആരംഭിച്ചിട്ടുള്ളത്. ബാക്കി വരുന്നവ ഒരാഴ്ചയ്ക്കുള്ളിൽ സജ്ജീകരിക്കാനാണ് നിർദ്ദേശം. അതത് തദ്ദേശസ്ഥാപനങ്ങൾക്കാണ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിന്റെ ചുമതല. മെഡിക്കൽ സ്റ്റാഫിന്റെ സേവനങ്ങൾ ആരോഗ്യവകുപ്പ് ഉറപ്പാക്കും. ചികിത്സ, ഉപകരണം, മരുന്ന്, ഭൗതികസൗകര്യം, ദൈനംദിന നടത്തിപ്പ്, ഭക്ഷണം, ശുചിത്വം എന്നിവയുടെ ചുമതല തദ്ദേശ ഭരണ സ്ഥാപനങ്ങൾ വഹിക്കും. തദ്ദേശസ്ഥാപനങ്ങളുടെ ഓൺഫണ്ടിൽ നിന്ന് തുക വിനിയോഗിക്കാം. ഇത് സർക്കാർ പിന്നീട് മടക്കി നൽകും. സി.എഫ്.എൽ.ടി.സി.യുടെ ജില്ലയിലെ ചുമതല രജിസ്ട്രേഷൻ വിഭാഗം ഐ.ജി കെ. ഇമ്പശേഖറിനും നോഡൽ ഓഫീസർ ചുമതല നെടുമങ്ങാട് ആർ.ഡി.ഒ എസ്.എൽ.സജിക്കുമാണ്. സി.എഫ്.എൽ.ടി.സിയുടെ നടത്തിപ്പിനായി തദ്ദേശഭരണ സ്ഥാപനത്തിന്റെ അദ്ധ്യക്ഷൻ ചെയർപേഴ്സണായ കമ്മിറ്റിയുണ്ടാകും. ഏകോപനത്തിന് ഒരു നോഡൽ ഓഫീസർ മുഴുവൻ സമയവും ഉണ്ടാകും. കൂടാതെ, തദ്ദേശഭരണ സ്ഥാപനം നിശ്ചയിക്കുന്ന ഒരു ഉദ്യോഗസ്ഥൻ ചാർജ് ഓഫീസറായും പ്രവർത്തിക്കും.
നിർദ്ദേശങ്ങൾ
------------------------------
ഒരു ഗ്രാമപഞ്ചായത്തിൽ കുറഞ്ഞത് ഒരു
കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ
ആദ്യഘട്ടത്തിൽ 5000 കിടക്കകൾ
രോഗികളുടെ വർദ്ധന അനുസരിച്ച്
കിടക്കകളുടെ എണ്ണം കൂട്ടും.
മുനിസിപ്പാലിറ്റികളിൽ കുറഞ്ഞത് 10
സെന്ററുകളെങ്കിലും സജ്ജീകരിക്കണം
കെട്ടിടങ്ങൾ തദ്ദേശസ്ഥാപനങ്ങൾ
തന്നെ കണ്ടെത്തണം
ജില്ലയിലെ ആകെ സെന്ററുകൾ - 16
പ്രതികരണം
--------------------------
-ഒരാഴ്ചയ്ക്കുള്ളിൽ സെന്ററുകൾ സജ്ജീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ സജ്ജീകരിക്കാനുള്ള സൗകര്യങ്ങളും തദ്ദേശ സ്ഥാപനങ്ങൾ കണ്ടെത്തണം
എ.സി.മൊയ്‌തീൻ, മന്ത്രി
ഇതുവരെ 16 സെന്ററുകൾ തുടങ്ങിയിട്ടുണ്ട്. അടുത്തയാഴ്ച ഓരോ പഞ്ചായത്തിൽ കുറഞ്ഞത് ഒരു സെന്റർ എന്നത്
മുഴുവനായി പ്രാവർത്തികമാകും. ആവശ്യമെങ്കിൽ കൂടുതൽ സജ്ജീകരിക്കും
എസ്.എൽ.സജികുമാർ, ജില്ലാ നോഡൽ ഓഫീസർ, സി.എഫ്.എൽ.ടി.സി