കാടുമൂടിയ വാമനപുരം പഴയ പാലം
കിളിമാനൂർ: കൊളോണിയൽ കാലഘട്ടത്തിന്റെ ചരിത്രംപേറി ഇന്നും നിലകൊള്ളുന്ന വാമനപുരം പഴയപാലത്തിന് അധികൃതരുടെ അവഗണന. വാമനപുരം നദിക്ക് കുറുകെ വാമനപുരത്തെയും കാരേറ്റിനെയും തമ്മിൽ ബന്ധിപ്പിച്ച് 1835ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നിർമ്മിച്ച ഇരുമ്പ് പാലമാണ് ആർക്കും ഉപയോഗമില്ലാതെ കാടുമൂടി കിടക്കുന്നത്.
ആധുനിക കാലത്ത് പണികഴിപ്പിച്ച പല പാലങ്ങളും തകർന്ന് പുതിയത് നിർമ്മിച്ചപ്പോഴും കാലപ്പഴക്കത്താലുള്ള ചെറിയ പ്രശ്നങ്ങളല്ലാതെ വാമനപുരം പഴയ പാലത്തിന് കാര്യമായ കേടുപാടുകളില്ല.
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ എൻജിനിയറിംഗ് വൈദഗ്ദ്ധ്യത്തിന് ഉത്തമ ഉദാഹരണമാണ് പാലം. കാളവണ്ടി, കുതിരവണ്ടി തുടങ്ങി ആധുനിക വാഹനങ്ങളെ വരെ അക്കരെ ഇക്കരെ എത്തിച്ച പാരമ്പര്യം ഇതിനുണ്ട്. വർദ്ധിച്ച വാഹനത്തിരക്കും വീതികുറവും കാലപ്പഴക്കവും കാരണം സമാന്തരമായി പുതിയ പാലം നിർമ്മിച്ചതോടെയാണ് ഈ മുത്തശ്ശിപ്പാലത്തെ എല്ലാവരും അവഗണിച്ചത്. നിലവിൽ വള്ളിപ്പടർപ്പുകളും മുൾച്ചെടികളും നിറഞ്ഞ അവസ്ഥയിലാണ് പാലം. ഇതിൽ ചില്ലറ അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിച്ചാൽ ഇരുചക്രവാഹനങ്ങൾക്കും കാൽനടയാത്രികർക്കും ആശ്രയിക്കാനാകും. ഇതിനുള്ള അടിയന്തര നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഗതാഗതക്കുരുക്കിനും പരിഹാരം
ഏറെ ഗതാഗതക്കുരുക്ക് അനുഭവപെടുന്ന കാരേറ്റ് - വാമനപുരം പ്രദേശത്തെ ഇതിൽ നിന്ന് മോചിപ്പിക്കാൻ പാലത്തിന് സാധിക്കും. ഇരുചക്രവാഹനങ്ങളെയും കാൽനട യാത്രികരെയും ഇതുവഴി കടത്തിവിട്ടാൽ മാത്രമേ ഇത് സാധിക്കൂ. ബ്രിട്ടീഷ് ഭരണത്തിന്റെ അവശേഷിപ്പായി നിലകൊള്ളുന്ന ഈ പാലം ചരിത്ര ഗവേഷകർക്കും വിദ്യാർത്ഥികൾക്കും ഉപയോഗപ്പെടുത്താം. അതിനാൽ പാലത്തെ പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് പൈതൃക സ്വത്തായി സംരക്ഷിക്കണമെന്ന ആവശ്യവും ശക്തമാണ്.
നിർമ്മിച്ചത് ഈസ്റ്റ് ഇന്ത്യാ കമ്പനി
പിന്നീട് ബ്രിട്ടീഷുകാർ തന്നെ പുനർനിർമ്മിച്ചു
പറയാനുള്ളത് രണ്ട് നൂറ്റാണ്ടിന്റെ ചരിത്രം
പാലത്തിൽ വള്ളിപ്പടർപ്പും മുൾച്ചെടികളും മൂടി
സാമൂഹ്യവിരുദ്ധരും താവളമുറപ്പിച്ചു
നിർമ്മാണം: 1835
പുനർനിർമ്മിച്ചത്: 1935ൽ
...................................
ചരിത്ര പ്രാധാന്യമുള്ള പാലം പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. വരും തലമുറക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ പാലം സംരക്ഷിക്കാൻ അധികൃതർ തയ്യാറാകണം
(വേണു കാരണവർ, എസ്.എൻ.ഡി.പി, വാമനപുരം യൂണിയൻ സെക്രട്ടറി)